വിവരങ്ങൾ മലയാളത്തിൽ തയാറാക്കണം: കെഎസ്എംടിഎഫ്
1301414
Friday, June 9, 2023 11:12 PM IST
ആലപ്പുഴ: പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റിനു കീഴിലുള്ള കേരള തീരദേശ പരിപാലന അഥോറിറ്റി ആലപ്പുഴ ജില്ലയ്ക്കായി പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ മലയാളത്തിൽ തയാറാക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു.
തീരദേശമേഖല മാനേജ്മെന്റ് പ്ലാനുകൾ പ്രകാരം തയാറാക്കിയ ഭൂപടങ്ങളുടെ വിവരങ്ങൾ, അതിലെ ഉള്ളടക്കങ്ങൾ ഇംഗ്ലീഷിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം മത്സ്യത്തൊഴിലാളികൾക്കും ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത തീരദേശക്കാർക്കും ഭൂപടങ്ങൾ മനസിലാക്കാൻ കഴിയുന്നില്ല.
പൊതുവായ പ്രമാണം മലയാളത്തിലും ലഭ്യമാണെങ്കിലും ആളുകൾക്ക് കൃത്യമായി വായിച്ചു മനസിലാക്കാൻ കഴിയുന്ന തരത്തിൽ ഭൂപടം തയാറാക്കിയിട്ടില്ലെന്നും കെഎസ്എംടിഎഫ് വ്യക്തമാക്കി.
സിആർ ഇസഡ് അറിയിപ്പ് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്നതാണ്. മത്സ്യത്തൊഴിലാളികളുമായി ശരിയായി കൂടിയാലോചനകളില്ലാതെയാണ് പ്ലാനുകൾ തയാറാക്കിയിക്കുന്നതെന്നും സംഘടന വ്യക്തമാക്കി.