നന്മയുടെ പാതയില് വേറിട്ടൊരു സ്വരമായി വോയ്സ് ഓഫ് ചേര്ത്തല
1300576
Tuesday, June 6, 2023 10:41 PM IST
ചേര്ത്തല: പാട്ടുകളെ സ്നേഹിക്കുന്നവര് ഒത്തൊരുമിച്ചതോടെ നന്മയുടെ പാതയ്ക്കും തിരിതെളിഞ്ഞു. ഡോക്ടര്മാര് മുതല് ഗ്രാഫിക് ഡിസൈനര്വരെയുള്ള 12 അംഗ സംഘം അവശതയനുഭവിക്കുന്ന കലാകാരന്മാരുടെ പ്രതീക്ഷയായി മാറി.
കെ.പി. വേണുഗോപാല്, കെ.പി. ശശികുമാര്, റാണി ശ്രീകുമാര്, ഡോ. സചിവന്, ഡോ. പ്രഭാ ജി. നായര്, ഡോ. സുദീപ്, ഡോ.ജോഷി ജോസഫ്, ഡോ. സേതുമാധവന്, വിജയകുമാര്, റാണി ശശികുമാര്, കൃഷ്ണ ഹരീന്ദ്രനാഥ്, രാജേഷ് വിഷ്ണുമീഡിയ എന്നിവരുടെ കൂട്ടായ്മയാണ് വോയ്സ് ഓഫ് ചേര്ത്തലയെന്ന സംഘമായി വളര്ന്നത്. പാടാനും പാട്ടിനെപ്പറ്റി പറയാനുമുള്ള വേദിയെന്ന നിലയിലാണ് 2019 ല് വിവിധ മേഖലകളില് കഴിഞ്ഞിരുന്നവര് ഒത്തൊരുമിച്ചത്.
സംഗീതത്തെ അഗാധമായി സ്നേഹിച്ചവര് ഒത്തൊരുമിച്ചതോടെയാണ് അവശതയനുഭവിക്കുന്ന കലാകാരന്മാര്ക്കായി സഹായം ചെയ്യണമെന്ന് കൂട്ടായ്മയ്ക്കു തോന്നിയത്. ഇതിനായി ഓര്ക്കസ്ട്ര രൂപീകരിച്ച് ഗാനമേളയുമായി വേദികളില് തിളങ്ങാന് തുടങ്ങി.
ഭക്തിഗാനമേളയും വയലാര് ഗാനങ്ങള് മാത്രം കോര്ത്തിണക്കിയുള്ള ആയിരം പാദസരങ്ങള്, എല്ലാ ഗാനങ്ങളും ഉള്പ്പെടുത്തിയിട്ടുള്ള ഗാനാഞ്ജലി എന്നിവയിലൂടെ വോയ്സ് ഓഫ് ചേര്ത്തല ജനങ്ങളുടെ ഹൃദയത്തിലിടം നേടി.
ഓര്ക്കസ്ട്രയുടെ ചെലവുകഴിച്ചാല് മിച്ചമുള്ളത് അവശതയനുഭവിക്കുന്ന കലാകാരന്മാര്ക്ക് സഹായത്തിനും പ്രോത്സാഹനത്തിനുമായി മാറ്റി.
ഓരോ വാര്ഷികദിനത്തിലും സംഘം കലാകാരന്മാര്ക്ക് സഹായം വിതരണം ചെയ്യും. കഴിഞ്ഞദിവസം നടന്ന വാര്ഷികം മന്ത്രി പി. പ്രസാദ് ആണ് ഉദ്ഘാടനം ചെയ്തത്.