കുളവാഴത്തണ്ടിൽ നിർമിച്ച വിത്തു പേനയുമായി എസ്ഡി കോളജ് വിദ്യാർഥി സ്റ്റാർട്ടപ്
1300383
Monday, June 5, 2023 11:15 PM IST
ആലപ്പുഴ: ഉണങ്ങിയ കുളവാഴത്തണ്ട് ഉപയോഗിച്ച് നിർമിച്ച വിത്തു പേനയുമായി എസ്ഡി കോളജിലെ ഐക്കോടെക് വിദ്യാർഥി സ്റ്റാർട്ടപ്. പരിസ്ഥിതി ദിനമായ ഇന്നലെയാണ് പേന അവതരിപ്പിച്ചത്. കുളവാഴയും ഉപയോഗിച്ച കടലാസും ചേർത്ത് നിർമിക്കുന്ന പേന ഉപയോഗശേഷം മണ്ണിൽ ഇട്ടാൽ അതിൽ നിന്നും ഒരു ചെടി വളർന്നു വരും.
ബാക്കിവരുന്ന പ്ലാസ്റ്റിക് റീഫിൽ ശേഖരിച്ച് പുനഃസംസ്കരണം ചെയ്യാവുന്നതാണ്. പേന നിർമിക്കുമ്പോൾ അതിന്റെ ഉള്ളിൽ നിർമാതാക്കൾ ഏതെങ്കിലും ചെടിയുടെയോ പച്ചക്കറിയുടെയോ വിത്ത് നിക്ഷേപിക്കും.
"ഐക്കൊടെക് " എന്ന സ്റ്റാർട്ടപ്പ് അംഗങ്ങളുടെ കൂടെ മറ്റു വിദ്യാർഥികളും ചേർന്ന് കോളജിലെ ജലവിഭവ ഗവേഷണ കേന്ദ്രത്തിലാണ് ഉത്പന്നം വികസിപ്പിച്ചത്. കുളവാഴയെ ഉപയോഗത്തിലൂടെ നിയന്ത്രിക്കാനും ഒപ്പം പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനും ഇത് വഴിയൊരുക്കുമെന്ന് കേന്ദ്രത്തിന്റെ മുഖ്യഗവേഷകനും സ്റ്റാർട്ടപ്പ് മെന്ററുമായ പ്രഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു അഭിപ്രായപ്പെട്ടു.
കേരള സ്റ്റാർട്ടപ്പ് മിഷൻ നടത്തിയ ഹഡിൽ ഗ്ലോബൽ, കഴിഞ്ഞ വർഷം നടന്ന നെഹ്റു ട്രോഫി വള്ളംകളി എന്നീ പരിപാടികൾക്ക് സ്മരണികകളും സമ്മാനങ്ങളും കുളവാഴയിൽ നിർമിച്ച് നൽകിയ സ്റ്റാർട്ടപ് ആണ് ഐക്കോടെക്. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടനയും കേരള സർക്കാരും ചേർന്ന് ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ മത്സരത്തിൽ വിജയികളായി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ സ്റ്റാർട്ടപ്പ് കൂടിയാണ് ഐക്കോടെക്.