ഗുരുതര കരൾരോഗം: കനിവുതേടി യുവതിയും വൃദ്ധമാതാപിതാക്കളും
1282098
Wednesday, March 29, 2023 10:27 PM IST
മങ്കൊമ്പ്: ഗുരുതര കരൾരോഗബാധിതയായ നിർധന യുവതി ചികിൽസയ്ക്കായി സുമനസുകളുടെ കാരുണ്യം തേടുന്നു. നെടുമുടി പഞ്ചായത്ത് പൊങ്ങ എഴുപതിൽച്ചിറ അന്നമ്മ തോമസാ (മിനി-42) ണ് ചികിൽസയ്ക്കു പണമില്ലാതെ ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ പത്തു വർഷമായി കരൾരോഗത്തിനു ചികിത്സയിലാണ് മിനിയുടെ കുടുംബം. ക്രോണിക് ഹെപ്പറ്റൈറ്റിസ്-ബി രോഗത്തിനു തിരുവനന്തപുരം, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജുകളിലെ ചികിത്സകൾക്കു ശേഷം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിലാണ് ചികിത്സതേടുന്നത്.
ദിനംപ്രതി ആയിരം രൂപ മരുന്നുകൾക്കു മാത്രം ആവശ്യമാണ്. ആശുപത്രി ചെലവുകൾക്കും ജീവിതച്ചെലവുകൾക്കും പണം കണ്ടെത്തണം. അവിവാഹിതയായ യുവതിക്കു രോഗബാധിതരും വയോധികരുമായ മാതാപിതാക്കൾ മാത്രമാണ് ആശ്രയം. വൃദ്ധദമ്പതികൾക്കു മൂന്നു പെൺമക്കളാണുള്ളത്. രണ്ടുപേരെ വിവാഹം കഴിച്ചയച്ചു.
വൃക്കസംബന്ധമായ രോഗങ്ങൾക്ക് പിതാവ് ഔസേഫ് തോമസ് വർഷങ്ങളായി ചികിത്സയിലാണ്. മാതാവിനു തൊഴിലുറപ്പു ജോലികളിലൂടെ കിട്ടുന്ന കൂലിയായിരുന്നു ഏക വരുമാനം. മകളുടെ ചികിത്സയും പരിചരണവും മൂലം ഇപ്പോൾ തൊഴിലുറപ്പു ജോലിക്കും പോകാനാകുന്നില്ല. നാട്ടുകാരുടെയും സംഘടനകളുടെയും സഹായമാണ് ഓരോ തവണയും ആശുപത്രിയിൽ പോകുന്നത്. കാലപ്പഴക്കം മൂലം ഏതുനിമിഷവും തകർന്നുവീഴാവുന്ന വീട്ടിലാണ് മൂവരും താമസിക്കുന്നത്.
കാറ്റും മഴയും വെള്ളപ്പൊക്കവുമെല്ലാം ഉണ്ടാകുമ്പോൾ പേടിച്ചാണ് ഇവർ വീടിനുള്ളിൽ അന്തിയുറങ്ങുന്നത്. സുമനസുകൾ സഹായിച്ചാൽ വീടുകൾ കയറിയിറങ്ങി കൈനീട്ടാതെ മിനിയുടെ ചികിത്സ നടത്താമെന്ന പ്രതീക്ഷയിലാണ് വയോധികരായ ദമ്പതികൾ.