കേരളത്തിൽ ഇ-വേലികൾ നിലവിൽവരും: മന്ത്രി കെ. രാജൻ
1281893
Tuesday, March 28, 2023 11:11 PM IST
ആലപ്പുഴ: എല്ലാ സർക്കാർ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനങ്ങൾക്കുവേണ്ടി വില്ലേജ് ഓഫീസ് നവീകരിച്ചതെന്ന് റവന്യു മന്ത്രി കെ. രാജൻ. തെക്കേക്കര സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയിരുന്നു മന്ത്രി. ഉദ്യോഗസ്ഥരുടെ അധിക ഭാരം കുറച്ച് സുതാര്യമായ പ്രവർത്തനം നടപ്പാക്കുകയാണ് സ്മാർട്ട് വില്ലേജിലൂടെ. അപേക്ഷ കൊടുത്താൽ ചുവന്നനാടയിൽ കെട്ടി ക്കിടക്കാതെ എത്തേണ്ട സ്ഥലത്ത് എത്രയും വേഗം എത്തിക്കാൻ കഴിയുക എന്നതാണ് സ്മാർട്ട് വില്ലേജിന്റെ ലക്ഷ്യം.
പരമ്പരാഗതരീതിയിൽ അടയാളപ്പെടുത്തിയ വില്ലേജുകളടക്കം ഡിജിറ്റലായി കേരളത്തെ അളക്കാൻ 1850 വില്ലേജുകളിൽ 4 വർഷം കൊണ്ട് സർക്കാർ 758 കോടി രൂപ ചെലവഴിച്ചു. ഇന്ത്യയിൽ ആദ്യമായി സമ്പൂർണ ഡിജിറ്റൽ റീ സർവേ നടത്തുന്ന സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുന്നു . ഡിജിറ്റൽ റീ സർവേ വരുന്നതോടെ കേരളത്തിലെ എല്ലാ വീടുകളുടെ അതിർത്തിയിലും ബെൻഡ് ചെയ്ത് കോർഡിനേറ്റ് ചെയ്യാവുന്ന ഡിജിറ്റൽ വേലി നിലവിൽ വരും - മന്ത്രി കെ. രാജൻ പറഞ്ഞു.
മാവേലിക്കര എംഎൽഎ എം.എസ്. അരുൺകുമാർ അധ്യക്ഷനായി. ജില്ലാ കളക്ടർ ഹരിത വി. കുമാർ, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. മോഹൻകുമാർ, മാവേലിക്കര നഗരസഭാ ചെയർമാൻ കെ.വി. ശശികുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ. അജയൻ, തെക്കേക്കര പഞ്ചായത്ത് മെമ്പർ രമണി ഉണ്ണികൃഷ്ണൻ, സംസ്ഥാന നിർമിതി കേന്ദ്രം റീജണൽ എൻജിനിയർ ലേഖ രാജൻ, ആലപ്പുഴ അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എസ്. സന്തോഷ് കുമാർ, ചെങ്ങന്നൂർ ആർഡിഒ എസ്. സുമ തുടങ്ങിയവർ പങ്കെടുത്തു.