കായംകുളം നഗരസഭയിലെ ഭക്ഷ്യവിഷബാധ: മത്സ്യവില്പന സ്ഥാപനങ്ങളിൽ പരിശോധന നടത്തി
1280557
Friday, March 24, 2023 10:48 PM IST
കായംകുളം: നഗരസഭയിലെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തല ത്തിൽ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തി. കഴിഞ്ഞ ദിവസം കായംകുളം നഗരസഭയിലെ ബജറ്റ് ചർച്ചയോടനുബന്ധിച്ച് വിതരണം ചെയ്ത ഉച്ച ഭക്ഷണത്തിൽനിന്നു ഭക്ഷ്യ വിഷബാധ ഉണ്ടായതിനെത്തുടർന്നാണ് നഗരത്തിന്റെ വിവിധ കേ ന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന മത്സ്യക്കച്ചവട സ്ഥാപനങ്ങളിൽ ഫുഡ് സേഫ്റ്റി ഉദ്യേഗസ്ഥർ പരിശോധന നടത്തിയത്.
കെ.പി. റോഡിന് സമീപം, പുതിയിടം തുടങ്ങിയ സ്ഥലങ്ങളിലാണ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. മിക്ക മത്സ്യക്കച്ചവട സ്ഥാപനങ്ങളും ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. പല സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. ആരോഗ്യ സുരക്ഷാകാർഡ് ഇല്ലാത്ത അന്യ സംസ്ഥാന തൊഴിലാളികളെ വച്ചാണ് പലരും വ്യാപാരം നടത്തുന്നത്.
കായംകുളം ഫുഡ് സേഫ്റ്റി ഓഫീസർ സൗമ്യ, മാവേലിക്കര ഫുഡ് സേഫ്റ്റി ഓഫീസർ ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവം ഉണ്ടായി 48 മണിക്കുർ കഴിഞ്ഞിട്ടും കായംകുളം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ഭാഗത്തുനിന്നു അനധികൃതമായി പ്രവർത്തിക്കുന്ന മത്സ്യ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടന്നിട്ടില്ല.
താലൂക്ക് ആശുപത്രിക്ക് പുറമെ നഗത്തിലെ വിവിധ സ്വകാര്യ ആശുപത്രിയിലും നിരവധി ആളുകൾ ചികിത്സ തേടിയിരുന്നു. മാധ്യമ പ്രവർത്തകർ, നഗരസഭാ ജീവനക്കാർ, കൗൺസിലർമാർ എന്നിവർക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. ഭക്ഷണത്തിന് ഒപ്പം വിളമ്പിയ മത്സ്യം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.