വിദ്യാർഥിനികളോട് മോശം പെരുമാറ്റം: അധ്യാപകന്റെ രാജി എഴുതിവാങ്ങി
1279379
Monday, March 20, 2023 10:36 PM IST
അമ്പലപ്പുഴ: വിദ്യാർഥിനികളോട് ലൈംഗികാതിക്രമം കാട്ടിയ അധ്യാപകനും സിപിഎം നേതാവുമായ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനിൽ ശ്രീജിത്തിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകെഎസ്യു -യൂത്ത് കോൺഗ്രസ് സമരം വിജയം.
അധ്യാപകന്റെ രാജി എഴുതിവാങ്ങി പ്രധാനാധ്യാപിക ഉന്നത അധികാരികൾക്കു കൈമാറി. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രധാന അധ്യാപികയെ ഉപരോധിച്ചു. തുടർന്നാണ് അധ്യാപകന്റെ രാജി എഴുതിവാങ്ങിയത്.
കാക്കാഴം എസ്എൻവിടിടി ഐയിലെ അധ്യാപകനും ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ശ്രീജിത്തിനെതിരേ പെൺകുട്ടികൾ നൽകിയ പരാതിയിൽ ഇയാളെ ഞായറാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകൻ അപമര്യാദയായും പെരുമാറിയെന്നു കാട്ടി നാലു വിദ്യാർഥിനികൾ ഏതാനും ദിവസം മുൻപ് പ്രഥമാധ്യാപികയ്ക്കു പരാതി നൽകിയിരുന്നു. എന്നാൽ, പരാതി പോലീസിനു കൈമാറാനോ നടപടി സീകരിക്കനോ പ്രഥമാധ്യാപിക തയാറായില്ല. തുടർന്നാണ് വിദ്യാർഥി നികൾ നേരിട്ട് പോലീസിൽ പരാതി നൽകിയത്.
അധ്യാപകനെ സ്കൂളിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ. നൂറുദ്ദീൻ കോയ, കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജി. ജിനേഷ്, യൂത്ത് കെയർ ജില്ലാ കോ-ഓർഡിനേറ്റർ നിസാർ വെള്ളാപ്പള്ളി, നെജിഫ് അരിശേരി, മാഹീൻ മുപ്പതിൽചിറ, എം.പി. വിശാഖ് വിജയൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.എം. മിഥിലാജ്, അനുരാജ് അനിൽകുമാർ, സംഗീത്, നജീം ജബ്ബാർ, സാജിദ് എന്നിവർ നേതൃത്വം നൽകി. മുൻ ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ ശ്രീജിത്ത് നിലവിൽ സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റിയംഗം കൂടിയാണ്.