വകുപ്പുതല അന്വേഷണത്തിന് മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു
1246600
Wednesday, December 7, 2022 10:01 PM IST
അമ്പലപ്പുഴ: അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രൻ, കോന്നി മെഡിക്കൽ കോളജിലെ ഗൈനക് വിഭാഗം മേധാവി ഡോ. ശ്രീലത, ഡോ. അബ്ദുൾ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മെഡിക്കൽകോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൾ സലാം നിർദേശിച്ച അന്വേഷണ സംഘവും അമ്പലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘവും ഇതിനു പുറമേ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും.
മെഡിക്കൽ ബോർഡിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ കൃഷ്ണ തേജ പറഞ്ഞു. റിപ്പോർട്ട് കിട്ടുന്നതുവരെ ഡോ. തങ്കു കോശി നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആശോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിൽനിന്നു നിർദേശം ലഭിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൾസലാം പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്നു ശരിയായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അമ്പലപ്പുഴ, ആലപ്പുഴ ഡിവൈഎസ്പി മാരെ ചുമതലപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോൺ പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ അമ്മയുടെയും നവജാത ശിശുവിന്റെയും മരണം ചികിത്സാ പിഴവാണെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.