വേലിയേറ്റ മുന്നറിയിപ്പ്: തണ്ണീര്‍മുക്കം ഷട്ടറുകൾ ക്രമീകരിക്കാൻ നിർദേശം
1246331
Tuesday, December 6, 2022 10:40 PM IST
ആലപ്പുഴ: വേലിയേറ്റ സാധ്യത നിലനിൽക്കുന്നതിനാൽ വേലിയേറ്റവും വേലിയിറക്കവും വിലയിരുത്തിയ ശേഷം തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ക്രമീകരിക്കുന്നതിന് ജില്ല കളക്ടർ വി.ആർ. കൃഷ്ണതേജയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിൽ തീരുമാനമായി. ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ച് ആവശ്യമെങ്കിൽ ഷട്ടറുകൾ ക്രമീകരിക്കാൻ തണ്ണീർമുക്കം പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയറെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. കൃഷിമന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ഷട്ടറുകൾ 15 ന് അടയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, അടിയന്തര സാഹചര്യത്തെ തുടർന്നാണ് ഇന്നലെ വീണ്ടും യോഗം വിളിച്ചത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ശാസ്ത്രീയമായി പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ കർഷക പ്രതിനിധികളും മത്സ്യത്തൊഴിലാളി പ്രതിനിധികളും ഉൾപ്പെടുന്ന സബ് കമ്മിറ്റി രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി.
എഡിഎം എസ്. സന്തോഷ് കുമാർ, സബ് കളക്ടർ സൂരജ് ഷാജി, ഡെപ്യൂട്ടി കളക്ടർ ആശാ സി. എബ്രഹാം, യൂണിയന് പ്രതിനിധികള്‍, പാടശേഖര സമിതി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.