ഇരുമ്പുപോസ്റ്റില് കാല് കുടുങ്ങിയ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
1223939
Friday, September 23, 2022 10:27 PM IST
എടത്വ: അലക്ഷ്യമായി റോഡരികില്‍ കൂട്ടിയിട്ട ഇലക്ട്രിക് ഇരുമ്പ് പോസ്റ്റില്‍ കാല് കുടുങ്ങിയ പശുവിനെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ രക്ഷപെടുത്തി. എടത്വ പഞ്ചായത്ത് 10-ാം വാര്‍ഡില്‍ കോയില്‍മുക്ക്-വീയപുരം റൂട്ടില്‍ കോഴിമുക്ക് കിഴക്കേടത്ത് മനോജിന്റെ നാല് വയസ് പ്രായമുള്ള പശുവിന്റെ കാലാണ് ഇലക്ട്രിക് ഇരുമ്പ് പോസ്റ്റില്‍ കുടുങ്ങിയത്.
പശുവിനെ പുല്ല് മേയാനായി റോഡരികില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. കാല് കുടുങ്ങിയ പശുവിനെ രക്ഷപെടുത്താന്‍ വാര്‍ഡ് മെമ്പര്‍ പി.സി. ജോസഫ്, എസ്. സനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തകഴി ഫയര്‍ ആൻഡ് റെസ്ക്യും ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇരുമ്പ് ഭാഗങ്ങള്‍ അകത്തിയാണ് പശുവിനെ രക്ഷിച്ചത്.