വയോധികയ്ക്ക് ക്രൂരമർദനം; പ്രതി റിമാൻഡിൽ
1581769
Wednesday, August 6, 2025 6:41 AM IST
കൊട്ടാരക്കര: കൊട്ടാരക്കര ഗാന്ധിമുക്കിൽ റിട്ട .അധ്യാപികക്കു നേരെ വീട് കയറി ക്രൂര മർദനം. കൊട്ടാരക്കര ഗാന്ധിമുക്ക് മൈത്രി നഗറിൽ കൃഷ്ണനിവാസിൽ സരസമ്മ (78)യെയാണ് അയൽവാസി വീട്ടിൽ കയറി മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു ഗാന്ധി മുക്ക് മൈത്രി നഗറിൽ പൗവത്ത് പുത്തൻ വീട്ടിൽ ശശിധരൻ (70) നെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കൾ വൈകുന്നേരം നാലിനാണ് സംഭവം. വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് അയൽവാസിയായ ശശിധരൻ എഴുപത്തിയെട്ടുകാരിയായ സരസമ്മയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി.
വയോധികയെ വീട്ടിൽ നിന്നു വലിച്ചിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു. വീട്ടിലേക്കു കടന്ന് വന്ന ശശിധരനെ സരസമ്മ വടി കൊണ്ട് അടിക്കുന്നതും അതിനു ശേഷം സരസമ്മയെ തിരിച്ചു മർദിക്കുകയും കഴുത്തിൽ കുത്തി പിടിച്ചു ഭിത്തിയിൽ ചേർത്തു നിർത്തി മർദിക്കുന്നതും പടവുകളിൽ കൂടി കാലിൽ പിടിച്ചു വലിച്ചിഴച്ചു കൊണ്ട് പോകുന്നതും സിസി ടിവി വഴി പുറത്ത് വന്നിട്ടുണ്ട്. തലയിൽ അഞ്ചു തുന്നലും ഇരു കൈയിലും പുറത്തും പരിക്കേറ്റിട്ടുണ്ട്.
ഗാന്ധിമുക്കിൽ ഒറ്റയ്ക്ക് താമസിക്കുന്ന വരുകയായിരുന്ന സരസമ്മ. അയൽവാസിയുമായി നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു. വൈദ്യ പരിശോധനകൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജ രാക്കി റിമാൻഡ് ചെയ്തു.