റവ.ജോസ് ജോർജ് ഇന്ന് അഭിഷിക്തനാകും
1581763
Wednesday, August 6, 2025 6:30 AM IST
കൊല്ലം: കൊല്ലം - കൊട്ടാരക്കര മഹായിടവക സിഎസ്ഐ നിയുക്ത ബിഷപ് റവ. ജോസ് ജോർജിന്റെ സ്ഥാനാരോ ഹണ ശുശ്രൂഷ ഇന്നു രാവിലെ 9.30ന് കൊല്ലം കത്തീഡ്രല് പള്ളിയിൽ നടക്കും.
ദക്ഷിണേന്ത്യ സഭ മോഡറേറ്റർ റവ. ഡോ. കെ. രൂബേൻ മാർക്കിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വാഴിക്കൽ ശുശ്രൂഷയ്ക്കു മറ്റു സഭകളിലെ ബിഷപുമാരും സഹകാർമികത്വം വഹിക്കും. കൊല്ലം ക്രേവൻ ഹൈസ്കൂൾ നിന്നും ആരംഭിക്കുന്ന വൈദികരുടെയും മോഡറേറ്ററുടെയും നിയുക്തബിഷപിന്റെ യും ഗായകസംഘത്തിന്റെയും പ്രദക്ഷിണം കത്തീഡ്രൽ പള്ളിയിൽ പ്രവേശിച്ചു ശുശ്രൂഷ ആരംഭിക്കും.
സിനഡ് ഭാരവാഹികളായ ജനറൽ സെകട്ടറി അഡ്വ. സി. ഫെർണാണ്ടസ് രത്തിന രാജ, ട്രഷറർ ഡോ. വിമൽ സുകുമാർ, മറ്റു ബിഷപുമാരും ശുശ്രൂഷയ്ക്കു നേതൃത്വം നൽകും. ശുശ്രൂഷ മധ്യേ ഇടയപരിപാലന അധികാരത്തിന്റെ അടയാളമായ മുദ്രമോതിരവും അംശവടിയും മോഡറേറ്റർ കൈമാറുകയും അതിനു മുന്നോടിയായി മോഡറേറ്ററും ബിഷപുമാരും കൈവയ്പ്പിലൂടെ ഇടയപരിപാലന ശുശ്രൂഷയിലേക്കു പുതിയ ബിഷപിനെ അഭിഷേകം ചെയ്തു കൈപിടിച്ചുയർത്തും. തുടർന്നു ബിഷപുമാർ പ്രാർഥനയും അനുഗ്രഹ പ്രഭാഷണവും നടത്തും. പുതിയ ബിഷപ് ജനത്തെ അഭിസംബോധന ചെയ്യുകയും നയപ്രഖ്യാപനം നടത്തുകയും ചെയ്യും.
ഉച്ചയ്ക്കു ശേഷം കത്തീഡ്രൽ പള്ളിയങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിലും പൗരസ്വീകരണത്തിലും സിഎസ്ഐ മോഡറേറ്റർ ഡോ. കെ. രൂബേൻ മാർക്ക് അധ്യക്ഷത വഹിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം നിർവഹിക്കും.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചു റാണി, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജോസഫ് മാർ ബർണബാസ് സുഫ്രഗൻ, ജോസഫ് മാർ ദിവന്നാസിയോസ്,ഡോ. സ്റ്റാൻലി റോമൻ, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മാത്യൂസ് മാർ സിലവാനിയോസ് എപ്പിസ്കോപ്പ, റവ. ഡോ. സെൽവദാസ് പ്രമോദ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ശ്രീമദ് അസംഗാനന്ദ ഗിരി, മൂവാറ്റുപുഴ അഷ്റഫ് മൗലവി, കടക്കൽ അബ്ദുൾ അസീസ് മൗലവി,
എംഎൽഎമാരായ എം. നൗഷാദ്, പി.എസ്. സുപാൽ, ജി.എസ്. ജയലാൽ, കൊല്ലം മേയർ ഹണി ബഞ്ചമിൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു, സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്, എഐസിസി അംഗം ബിന്ദു കൃഷ്ണ തുടങ്ങിയവർ പ്രസംഗിക്കും.