ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊള്ളലേറ്റ് മരിച്ചു
1581564
Tuesday, August 5, 2025 10:48 PM IST
കൊല്ലം: ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ചെമ്പനരുവി ഒരേക്കർ കോളനിയിലെ ശ്രീതങ്കത്തിൽ ഷഫീഖ് (32) ആണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശരീര മാസകലം പൊള്ളലേറ്റ ഷഫീഖിന്റെ ഭാര്യ ശ്രീതു (27) ചികിത്സയിൽ കഴിയുകയാണ്.
കഴിഞ്ഞ ജൂലൈ 31ന് വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. കുഞ്ഞിന് മുലയൂട്ടിക്കൊണ്ടിരുന്ന ശ്രീതുവിനെ മുറിക്കുള്ളിലേക്ക് വിളിച്ചു കയറ്റി കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ഷഫീഖ് സ്വയം തീകൊളുത്തുകയായിരുന്നു.
തീ ആളി പടർന്നതോടെ ഇരുവരും പ്രാണരക്ഷാർത്ഥം പുറത്തേക്കിറങ്ങിയോടി നാട്ടുകാരുടെ സഹായം തേടി. കുടുംബ വഴക്കിനെ തുടർന്ന് ശ്രീതു ഷഫീഖിനെതിരെ അച്ചൻകോവിൽ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവം നടക്കുന്നതിനു തലേദിവസം ദമ്പതികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി പോലീസ് പ്രശ്നങ്ങൾ പരിഹരിച്ച് വിട്ടയച്ചിരുന്നതാണ്.