പത്തനാപുരത്ത് പകല്‍വീട്ടില്‍ രണ്ടാം ബാല്യത്തിന്റെ ഉല്ലാസം
1581755
Wednesday, August 6, 2025 6:30 AM IST
പത്തനാപുരം: ജീവിതസായാഹ്നം ഉല്ലാസപ്രദമാക്കാന്‍ അവസരമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നാടുനീളെയുള്ള പകല്‍വീടുകളില്‍ രണ്ടാംബാല്യത്തി െ ന്റ ആനന്ദനിമിഷങ്ങളാണ് നിത്യവും പുലരുന്നത്. വിരസമല്ല വാര്‍ധക്യമെന്ന് തിരിച്ചറിയുകയാണ് പത്തനാപുരം ബ്ലോക് പഞ്ചായത്തി ന്റെ പകല്‍വീട്ടിലെ കുടുംബക്കൂട്ടായ്മകള്‍.
പഞ്ചായത്ത് കെട്ടിടത്തിനോടുചേര്‍ന്ന ഇരുനിലകെട്ടിടത്തി െന്റ മുകള്‍നിലയിലാണ് പകല്‍വീട്. 60 വയസിനു മുകളില്‍ പ്രായംചെന്ന ഒമ്പത് പുരുഷന്മാരും 13 സ്ത്രീകളുമടങ്ങുന്ന 22 പേരുണ്ടിവിടെ. വയോധികരെ ശുശ്രൂഷിക്കാനും സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിനുമായി രണ്ട് കെയര്ടേക്കര്മാരുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം മൂന്നു വരെയാണ് പ്രവര്‍ത്തന സമയം.
സാമ്പത്തികമായി പിന്നാക്കമായ സ്വന്തമായി ആഹാരം പാകംചെയ്ത് കഴിക്കാന്‍ ആരോഗ്യമില്ലാത്തവരുമാണ് പകല്‍വീടിനെ ആശ്രയിക്കുന്നത്. കസേരകളും കട്ടിലുകളും ആഹാരം കഴിക്കുന്നതിനായി മേശകളും മാനസിക ഉല്ലാസത്തിനായി ടെലിവിഷനുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
രാവിലെ പകല്‍ വീട്ടിലെത്തുന്ന വയോധികരുടെ താല്പര്യാര്ഥം പ്രാതലിനു കഞ്ഞിയും പയറും അച്ചാറുമാണ് നല്‍കുന്നത്. ആഴ്ചയില്‍ ഒരു ദിവസം ഇറച്ചിയും രണ്ടുദിവസം മീനും ഉള്‍പ്പെടുത്തി വിഭവസമൃദ്ധമാണ് ഉച്ചഭക്ഷണം.
പത്തനാപുരം ബ്ലോക്കില്‍ കാന്റീന് നടത്തിവരുന്ന മീനു കുടുംബശ്രീ യൂണിറ്റില്‍ നിന്നാണ് രണ്ട് നേരത്തെ ഭക്ഷണവും വൈകിട്ടത്തെ ചായയും ലഘുപലഹാരവും എത്തിക്കുന്നത്. ഉച്ചഭക്ഷണത്തിനുശേഷം ബാക്കിയാവുന്നവ ആവശ്യമുള്ള അംഗങ്ങള്‍ക്ക് വീടുകളിലേക്ക് കൊടുത്തു വിടുന്നുമുണ്ട്. മുന്‍പ് പകല്‍വീട്ടില്‍ വന്നുകൊണ്ടിരുന്ന കിടപ്പിലായ രണ്ട് വയോധികര്‍ക്കുള്ള ഭക്ഷണവും എത്തിച്ചു കൊടുക്കുന്നു.
പത്തനാപുരം ബ്ലോക്കിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപയാണ് ഈ സാമ്പത്തിക വര്‍ഷം പകല്‍വീടി െന്റ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുള്ളത്. വയോധികരെ പരിചരിക്കുന്ന കെയര്‍ടേക്കര്‍മാരുടെ ഓണറേറിയവും വൈദ്യുതി-കേബിള്‍ ടിവി ബില്ലുകളും ഭക്ഷണത്തിനുമുള്ള ചെലവ് ഉള്‍പ്പെടെയാണ് ഫണ്ട് വിനിയോഗിച്ച് നിര്‍വഹിക്കുന്നത്.
പകല്‍വീട് ആരംഭിച്ചനാള്‍ മുതല്‍ വയോധികര്‍ക്കായി ഓണപ്പുടവയും ഓണസദ്യയും പഞ്ചായത്തില്‍നിന്നും മുടങ്ങാതെ നല്കിവരുന്നു. മക്കളില്ലാത്തവരും മക്കളെ ദൂരേക്ക് വിവാഹംചെയ്തയച്ചവരും വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്നവരും ഭര്‍ത്താവ് മരിച്ചുപോയവതുമായ വയോധികരാണ് കൂടുതലുമുള്ളത്. 2018 ല്‍ ആരംഭിച്ച പകല്‍വീട്ടില്‍ 60 മുതല്‍ 90 വയസുവരെ പ്രായമുള്ളവരുണ്ട്.
പത്തനാപുരം ബ്ലോക്കിലെ തലവൂര്‍, കുരാ, പുളിവിള, പിടവൂര്‍, പട്ടാഴി തുടങ്ങിയ സ്ഥലങ്ങളില്നിന്നുമുള്ളവരാണ് ഭൂരിഭാഗവും. ബ്ലോക്ക്പരിധിക്ക് പുറത്തുള്ള സ്ഥലങ്ങളില്‍നിന്ന് സമയം ചെലവഴിക്കാനെത്തുന്നവരുമുണ്ട്. സ്വന്തമായി ഇടമില്ലാത്ത നിരാലംബരായ വയോധികര്‍ക്കും സമയം ചിലവഴിക്കാനുള്ള മാതൃകഇടമായി മാറിക്കഴിഞ്ഞുപകല്വീട്.
പകല്‍വീട്ടിലെ അംഗങ്ങളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് ബ്ലോക്ക്പഞ്ചായത്ത്. ഇതിനായി ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.
വിനോദയാത്രയുമായി ബന്ധപ്പെട്ട ക്ഷേമകാര്യസമിതി വയോജനങ്ങളുടെ താല്പര്യവും പരിഗണിച്ചാണ് പോകേണ്ട വിനോദസഞ്ചാരകേന്ദ്രം നിശ്ചയിക്കുകയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ആനന്ദവല്ലി പറഞ്ഞു.