കൊല്ലം: അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ ഉരുൾ നേർച്ച ഉത്സവം നാളെ രാവിലെ ആറിന് ആരംഭിച്ച് അഞ്ചിന് രാത്രി സമാപിക്കുമെന്ന് കുറ്റിയഴികം ദേവസ്വം ഭാരവാഹികൾ അറിയിച്ചു. അറബിക്കടലും അഷ്ടമുടി കായലും കല്ലടയാറും സംഗമിക്കുന്ന ക്ഷേത്രത്തിനു തൊട്ടു പടിഞ്ഞാറുള്ള ത്രിവേണി സംഗമത്തിൽ മുങ്ങി കുളിച്ച് ഈറനോടുകൂടി അഞ്ജലിഭക്തരായി വന്നു വീരഭദ്ര സ്വാമി കുടി കൊള്ളുന്ന ശ്രീകോവിലിന് ചുറ്റും ശയനപ്രദക്ഷിണം നടത്തുന്ന ചടങ്ങിനെയാണ് ഉരുൾ വഴിപാട് എന്ന് വിളിച്ചുവരുന്നത്.
ദേവസ്വം തന്ത്രി തുറവൂർ പി.വി. ഉണ്ണികൃഷ്ണൻ തന്ത്രി, മേൽശാന്തി കെ. സുകുമാരൻ, നിത്യശാന്തി ജി .ഹരികുമാർ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. പ്രതിഫലം വാങ്ങി നേർച്ച ഉരുൾ നടത്തുവാൻ ധാരാളം ബാലന്മാരും ക്ഷേത്ര പരിസരത്ത് ഉണ്ടാകും.
ഉരുൾ നേർച്ചയുടെ വിളംബരമായി വീരഭദ്ര സ്വാമിയുടെ ആയുധമായ ദണ്ഡ് തൃക്കരുവ ദേവി ക്ഷേത്രത്തിൽ നിന്നും ഇന്ന് വൈകുന്നേരം അഞ്ചിന് ദേവസ്വം മൂപ്പന്മാരുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ പഞ്ചവാദ്യം,ചെണ്ടമേളം താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയായി അഷ്ടമുടി ക്ഷേത്രത്തിൽ എത്തും.
ക്രമസമാധാനത്തിന് വൻ പോലീസ് സന്നാഹവും, ഫയർഫോഴ്സ്, ലൈഫ് ഗാർഡ്, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സേവനവും ഉണ്ടായിരിക്കും .
സ്പെഷൽ ബോട്ട് സർവീസ്, കെഎസ്ആർടിസി സർവീസുകൾ എന്നിവയും ഉണ്ടായിരിക്കും . ക്ഷേത്ര പരിസരത്ത് കാർഷിക വ്യാപാരമേളയും ഒരുക്കിയിട്ടുണ്ട്. നാലിന് വൈകുന്നേരം 4. 30ന് അവാർഡ് ദാന അനുമോദന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. ഡോ. പള്ളിക്കൽ സുനിൽ അനുഗ്രഹ പ്രഭാഷണവും ചാത്തന്നൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബി. ഗോപകുമാർ ഉപഹാര സമർപ്പണവും ഡോ. സി.അനിത ശങ്കർ മുഖ്യ പ്രഭാഷണവും നടത്തും.
ദേവസ്വം വർക്കിംഗ് പ്രസിഡന്റ് മങ്ങാട് സുബിൻ നാരായൺ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ അഞ്ചാലുംമൂട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി. ദേവരാജൻ, രേവതി കലാക്ഷേത്രം നൃത്ത സംവിധായകൻ ലാൽ കുമാർ, ദേവസ്വം സെക്രട്ടറിമാരായ ജി.രാധാകൃഷ്ണബാബു, എസ്. ശ്രീനിവാസൻ, കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ എസ് പൂർണേന്ദു എന്നിവർക്ക് ഉപഹാരം നൽകി അനുമോദിക്കും . മോഹൻ മോഹൻ, പെരിനാട് സി.കെ. ചന്ദ്രബാബു, ഡോ. കെ വി ഷാജി, ദേവസ്വം വർക്കിംഗ് പ്രസിഡന്റ് ജി.ഗിരീഷ് കുമാർ എന്നിവർ പ്രസംഗിക്കും .
രാത്രി ഏഴിന് കൊല്ലം രേവതി കലാക്ഷേത്രം നൃത്ത വിദ്യാലയത്തിന്റെ നൃത്ത നൃതൃങ്ങൾ. രാത്രി 11 ന് സിനിമ സീരിയൽ നാടകനടൻ എ.കെ.ആനന്ദ് നയിക്കുന്ന സിനി വിഷ്വൽ മ്യൂസിക്കൽ ഡ്രാമ.
അഞ്ചിന് രാവിലെ ഒമ്പതിന് സാംസ്കാരിക സമ്മേളനം എം.മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കൊല്ലം എസിപി എ. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തും ദേവസ്വം പ്രസിഡന്റ് ജി ഗിരീഷ് കുമാർ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് സഹിന, ഗ്രാമപഞ്ചായത്ത് അംഗം ആർ.രതീഷ് എൻ നൗഫൽ (പ്രഭാഷകൻ), ദേവസ്വം വർക്കിംഗ് പ്രസിഡന്റ് മങ്ങാട് സുബിൻ നാരായണൻ എന്നിവർ പ്രസംഗിക്കും.
11 മുതൽ എസ്.ആർ കടവൂർ നയിക്കുന്ന സർഗസങ്കീർത്തനം. ഉച്ചകഴിഞ്ഞ് രണ്ടിന് കവിയരങ്ങ്, നാലിന് അപ്സര ശശികുമാർ നയിക്കുന്ന കാവ്യാർച്ചന. രാത്രി ഏഴിന് കാവനാട് ബിജു ചവറ രാജേന്ദ്രൻ നയിക്കുന്ന ചെണ്ടമേളം എന്നിവയാണ് പ്രധാന പരിപാടികൾ.