ആരിക്കാടിയിൽ ടോൾ ബൂത്ത് നിർമാണം വീണ്ടും തുടങ്ങി
1586274
Sunday, August 24, 2025 7:13 AM IST
കുമ്പള: കർമസമിതി പ്രവർത്തകരുടെ പ്രതിഷേധം മറികടന്ന് കുമ്പള ആരിക്കാടിയിൽ ടോൾ ബൂത്ത് നിർമാണം വീണ്ടും തുടങ്ങി. നിർമാണം തടയാൻ ശ്രമിച്ച കർമസമിതി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. നിർമാണപ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നേരത്തേ ജില്ലാ കളക്ടറെ സമീപിച്ചിരുന്നു.
ഇവിടെ ടോൾ ബൂത്ത് നിർമിക്കാനുള്ള നീക്കത്തിനെതിരെ കർമസമിതിയും വിവിധ സംഘടനകളും നൽകിയ ഹർജികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് നിർമാണപ്രവൃത്തികൾ പുനരാരംഭിച്ചത്. ഇതിനെതിരെ കൂടുതൽ രേഖകളുടെ പിൻബലത്തോടെ എത്രയും പെട്ടെന്ന് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് കർമസമിതി നേതാക്കളുടെ തീരുമാനം. എ.കെ.എം. അഷ്റഫ് എംഎൽഎയും ഇതിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
ജില്ലയിൽ തന്നെ പെരിയ ചാലിങ്കാലിൽ നേരത്തേ ടോൾ ബൂത്തിന് അനുമതിയായ സാഹചര്യത്തിൽ അവിടെനിന്ന് ചുരുങ്ങിയ ദൂരം മാത്രമുള്ള ആരിക്കാടിയിൽ കൂടി ടോൾ ബൂത്ത് നിർമിക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്നാണ് കർമസമിതിയുടെ നിലപാട്. ദേശീയപാത ചെങ്കള-നീലേശ്വരം റീച്ചിന്റെ പണി പൂർത്തിയായി ചാലിങ്കാലിലെ ടോൾ ബൂത്ത് പ്രവർത്തനസജ്ജമാകുന്നതുവരെയുള്ള താത്കാലിക സംവിധാനമാണ് ആരിക്കാടിയിലേതെന്നാണ് ദേശീയപാത അഥോറിറ്റിയുടെ വിശദീകരണം.
എന്നാൽ ചെങ്കള-നീലേശ്വരം റീച്ചിൽ നിർമാണപ്രവൃത്തികളിലെ കാലതാമസം മൂലമുണ്ടായ അധികഭാരം തലപ്പാടി-ചെങ്കള റീച്ചിലെ ജനങ്ങൾക്കുമേൽ ചുമത്താനാണ് ദേശീയപാത അഥോറിറ്റിയുടെ നീക്കമെന്ന് കർമസമിതി നേതാക്കൾ ആരോപിക്കുന്നു.