വലിയപറമ്പിൽ സൗരോർജ വിളക്കുകൾ കൂട്ടത്തോടെ കണ്ണടച്ചു
1585883
Saturday, August 23, 2025 1:13 AM IST
തൃക്കരിപ്പൂർ: വലിയപറമ്പ് പഞ്ചായത്തിൽ ഒരു വർഷത്തോളമായി കണ്ണടച്ചുനിൽക്കുന്ന തെരുവ് വിളക്കുകളുടെ സൗരോർജ പാനലുകളും തകർന്നുവീഴുന്നു. ഉദിനൂർ കടപ്പുറത്തും വലിയപറമ്പ് പാലത്തിലുമാണ് സൗരോർജ പാനലുകൾ ഒടിഞ്ഞുതൂങ്ങി നിൽക്കുന്നത്.
പലയിടങ്ങളിലും സൗരോർജ വിളക്കുകളുടെ ബാറ്ററികൾ നഷ്ടപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് അധികൃതർ യഥാസമയം അറ്റകുറ്റപണികൾ നടത്താതിരുന്നതാണ് സൗരോർജവിളക്കുകൾ പൂർണമായും നശിക്കാൻ ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
2020 സെപ്റ്റംബറിലാണ് അനർട്ടിനു കീഴിലുള്ള കരാറുകാർ വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാൽ ബണ്ട്, മാവിലാക്കടപ്പുറം പാലം, ഇടയിലക്കാട് ബണ്ട് എന്നിവിടങ്ങളിൽ സൗരോർജ വിളക്കുകൾ സ്ഥാപിച്ചത്. സൗരോർജ പാനൽ, വിളക്കുകാൽ, ബാറ്ററി, എൽഇഡി വിളക്ക് എന്നിവ ചേർന്ന ഒരു യൂണിറ്റിനുമാത്രം 45,000 രൂപയാണ് ചെലവിട്ടത്. പിന്നീട് വലിയപറമ്പ് പാലത്തിലും പഞ്ചായത്തിന്റെ മറ്റ് ഭാഗങ്ങളിലും സൗരോർജ വിളക്കുകൾ സ്ഥാപിച്ചു. ഇവയിൽ ഏറെയും ഇപ്പോൾ കണ്ണടച്ച നിലയിലാണ്.