മനോനില തെറ്റിയ ഛത്തീസ്ഗഡ് സ്വദേശിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച് സ്നേഹാലയം
1585602
Friday, August 22, 2025 12:38 AM IST
അമ്പലത്തറ: മനോനില തെറ്റിയതിനെ തുടർന്ന് വഴിതെറ്റി കാഞ്ഞങ്ങാട് നഗരത്തിലെത്തിയ ഛത്തീസ്ഗഡ് സ്വദേശിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച് അമ്പലത്തറ സ്നേഹാലയം അധികൃതർ. ഛത്തീസ്ഗഡിലെ ജാഷ്പൂർ ബന്ദർഭദ്ര സ്വദേശി ജീത്ത് റാമിനെയാണ് ബന്ധുക്കൾക്കൊപ്പം തിരിച്ചയച്ചത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചുകൊണ്ട് കാഞ്ഞങ്ങാട് നഗരത്തിൽ അലഞ്ഞുനടക്കുകയായിരുന്ന ജീത്ത് റാമിനെ ഈ മാസം എട്ടിനാണ് ഹോസ്ദുർഗ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരായ കെ.വി. പ്രദീപനും ടി.വി. നിഷാദും ചേർന്ന് സ്നേഹാലയത്തിൽ എത്തിച്ചത്.
സ്നേഹാലയത്തിലെ ക്ഷമാപൂർവമായ ശുശ്രുഷകൾക്കും പരിചരണത്തിനും ശേഷം അല്പാല്പമായി ഓർമകൾ വീണ്ടെടുത്ത ജീത്ത് റാം കഴിഞ്ഞ 15 നാണ് സഹോദരിയുടെ ഭർത്താവിന്റെ ഫോൺ നമ്പർ സ്നേഹാലയം അധികൃതർക്ക് നൽകിയത്. സ്നേഹാലയത്തിൽ നിന്ന് ആ നമ്പറിൽ വിളിച്ച് സംസാരിച്ചതോടെയാണ് ബന്ധുക്കളുടെ വിവരങ്ങൾ അറിവായത്. നാട്ടിൽ നിർമാണ ജോലികൾ ചെയ്തുവരികയായിരുന്ന ജീത്ത് റാമിനെ ജൂലൈ 31 മുതലാണ് കാണാതായത്.
വീട്ടിൽ അമ്മയും നാല് സഹോദരങ്ങളും ഭാര്യ മോണിക്കയുമാണ് ഉള്ളത്. ജീത്ത് റാമിനെ കണ്ടെത്താൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തോടെ സഹോദരൻ മഹേന്ദ്ര യാദവും സഹോദരീ ഭർത്താവ് ദാമുധറും ബുധനാഴ്ച സ്നേഹാലയത്തിൽ എത്തി. ഇന്നലെയാണ് ഇവർക്കൊപ്പം ജീത്ത് റാം നാട്ടിലേക്ക് മടങ്ങിയത്. മനോനില തെറ്റി അലയുകയായിരുന്ന നിരവധി പേരെ സുഖപ്പെടുത്തി ബന്ധുക്കൾക്കൊപ്പമെത്തിക്കാൻ ഇതിനകം സ്നേഹാലയത്തിന് കഴിഞ്ഞിട്ടുണ്ട്.