കെഎസ്ആർടിസി ബസുകൾ വളഞ്ഞ വഴിയേ !
1585594
Friday, August 22, 2025 12:38 AM IST
മാലോം: മലയോരത്തെ വിവിധ ടൗണുകളിലേക്ക് കുറഞ്ഞ ദൂരത്തിലും സമയത്തിലും എത്തിച്ചേരാവുന്ന മലയോര ഹൈവേയുടെ നിർമാണം ഏറെക്കുറെ പൂർത്തിയായിട്ടും കെഎസ്ആർടിസി ബസുകൾക്ക് ഇതുവഴി ഓടാൻ വിമുഖത. ഏറ്റവുമൊടുവിൽ തുടങ്ങിയ മാനന്തവാടി-ബന്തടുക്ക സർവീസ് ഉൾപ്പെടെ മലയോരത്തുകൂടിയുള്ള കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകളെല്ലാം ഇപ്പോഴും ചിറ്റാരിക്കാൽ-ഒടയംചാൽ മേജർ ജില്ലാ റോഡ് വഴി ചുറ്റിവളഞ്ഞാണ് പോകുന്നത്.
ഇരിട്ടിയിൽ നിന്ന് മലയോര ഹൈവേയിലൂടെ ജില്ലയിലെ വിവിധയിടങ്ങളിലേക്ക് സർവീസ് തുടങ്ങാൻ സ്വകാര്യ ബസുകൾ ഏറെനാളായി അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ട്. എന്നാൽ, അതിന് ബദലായി മിക്കവാറും അതേ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് തുടങ്ങുന്ന കെഎസ്ആർടിസിയുടെ പുതിയ സർവീസുകൾ വെള്ളരിക്കുണ്ട്-ഭീമനടി-നർക്കിലക്കാട്-ചെറുപുഴ റൂട്ടിലാണ് വരുന്നത്. ഈ റൂട്ടിൽ ഇപ്പോൾതന്നെ ഒന്നിന് പിറകെ ഒന്നായി കെഎസ്ആർടിസിയുടെ അന്തർജില്ലാ സർവീസുകളുണ്ട്.
ഫലത്തിൽ മലയോരഹൈവേയിലൂടെ സർവീസ് നടത്താനൊരുങ്ങുന്ന സ്വകാര്യ ബസുകളെ അതിൽനിന്ന് പിന്തിരിപ്പിക്കുകയും പകരം മേജർ ജില്ലാ റോഡ് വഴി തന്നെ കെഎസ്ആർടിസി ബസുകൾ തുടങ്ങുകയുമാണ് ചെയ്യുന്നതെന്ന് മലയോരത്തെ പാസഞ്ചേഴ്സ് അസോസിയേഷനുകളും മറ്റു വിവിധ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
ചെറുപുഴയിൽ നിന്ന് ജില്ലയുടെ മലയോര അതിർത്തി ഗ്രാമങ്ങളിലേക്കും കർണാടകയിലെ സുള്ള്യ, മൈസൂർ ഭാഗങ്ങളിലേക്കും ഏറെ വേഗത്തിൽ എത്തിച്ചേരാവുന്ന മലയോരഹൈവേ ഫലത്തിൽ സ്വകാര്യവാഹനങ്ങൾ മാത്രമാണ് പ്രയോജനപ്പെടുത്തുന്നത്. ഈ റൂട്ടിൽ കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കുന്നില്ലെങ്കിൽ ഹൈവേ കൊണ്ടുള്ള പ്രയോജനം സാധാരണക്കാർക്ക് കിട്ടാതെവരും.
മലയോരഹൈവേയോട് ചേർന്നുകിടക്കുന്ന ചെറുകിട ടൗണുകളുടെ വികസനപ്രതീക്ഷകളും വെറുതേയാകും. മലയോര ഹൈവേയുടെ സാധ്യതകൾ പരിഗണിച്ചുകൊണ്ട് ഇതുവഴി പുതിയ കെഎസ്ആർടിസി സർവീസുകൾ തുടങ്ങണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും മറ്റു ജനപ്രതിനിധികൾക്കും നിവേദനം നൽകാനൊരുങ്ങുകയാണ് മലയോരത്തെ വിവിധ സംഘടനകൾ.