പള്ളത്തടുക്ക പാലം അപകടാവസ്ഥയിൽ
1585886
Saturday, August 23, 2025 1:13 AM IST
ബദിയടുക്ക: ചെർക്കള-പുത്തൂർ അന്തർസംസ്ഥാന പാതയിലെ പള്ളത്തടുക്ക പാലം അപകടാവസ്ഥയിൽ. ഇതുവഴി പോകുന്ന വാഹനങ്ങൾ വേഗം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതർ ബോർഡ് സ്ഥാപിച്ചു. 40 വർഷം പഴക്കമുള്ള പാലത്തിന് രണ്ടുവർഷം മുമ്പുതന്നെ ബലക്ഷയം കണ്ടുതുടങ്ങിയിരുന്നു.
കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്തുകാണാൻ തുടങ്ങുകയും സ്പാനുകൾക്കിടയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തതിനെ തുടർന്ന് ഒരുലക്ഷം രൂപ ചെലവിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ, വീണ്ടും ബലക്ഷയം കണ്ടുതുടങ്ങിയതോടെയാണ് കഴിഞ്ഞദിവസം ബോർഡ് സ്ഥാപിച്ചത്.
ജില്ലയിൽ നിന്ന് ബംഗളൂരുവിലേക്കും വിട്ള, പുത്തൂർ ഭാഗങ്ങളിലേക്കുമുള്ള കെഎസ്ആർടിസി അടക്കമുള്ള ബസുകൾ ഇതുവഴിയാണ് സർവീസ് നടത്തുന്നത്. ബംഗളൂരു ഭാഗത്തേക്കുള്ള സ്വകാര്യ വാഹനങ്ങളും രാപ്പകൽ ഭേമന്യേ കടന്നുപോകുന്നുണ്ട്. കർണാടകയിലേക്ക് മലഞ്ചരക്കുകളുമായും തിരികെ കെട്ടിട നിർമാണ സാമഗ്രികളും ഇലക്ട്രോണിക് സാധനങ്ങളും മറ്റും വഹിച്ചും ഓടുന്ന ചരക്കുലോറികളും ഇതുവഴിയാണ് പോകുന്നത്.
വരുംനാളുകളിൽ പാലത്തിലൂടെയുള്ള ഗതാഗതത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ ഇവരെല്ലാം ബുദ്ധിമുട്ടിലാകും. ഇവിടെ പുതിയ പാലം നിർമിക്കുന്നതിനുള്ള നടപടിക്രമങ്ങളൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല.