അപകടത്തിൽ പരിക്കേറ്റ യുവാവിന്റെ ചികിത്സയ്ക്ക് സഹായ കമ്മിറ്റി രൂപീകരിച്ചു
1585885
Saturday, August 23, 2025 1:13 AM IST
കരിവേടകം: ഈ മാസം 17 ന് കണ്ണൂർ വിമാനത്താവളത്തിനു സമീപം ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കരിവേടകം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ വടക്കേത്തടത്തിൽ ബിൻസിന് ചികിത്സാസഹായമെത്തിക്കുന്നതിനായി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു.
ഇതിനകം രണ്ട് ലക്ഷത്തിലധികം രൂപയാണ് ചികിത്സയ്ക്കുവേണ്ടി ചെലവായത്. പ്രധാന ശസ്ത്രക്രിയയ്ക്ക് അഞ്ച് ലക്ഷം രൂപയും തുടർചികിത്സകൾക്കായി 10 ലക്ഷത്തിലേറെ രൂപയും ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. രണ്ട് തോളെല്ലുകളും ഏഴ് വാരിയെല്ലുകളും പൊട്ടി സ്ഥാനചലനം സംഭവിച്ച നിലയിലാണ്.
രണ്ടുതവണ ഹൃദയാഘാതം വന്ന് ആൻജിയോഗ്രം ചികിത്സ നടത്തിയിട്ടുള്ള ആളാണ് ബിൻസ്. സ്വന്തമായി ഒരു കിടപ്പാടം പോലുമില്ല. ജീവിതം മുന്നോട്ടുപോകാനുള്ള വരുമാനം കണ്ടെത്തുന്നതിനായി രാപ്പകൽ കഷ്ടപ്പെടുന്നതിനിടയിലാണ് അപകടത്തിൽ പെട്ടത്. ബിൻസിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ എല്ലാ സുമനസ്സുകളുടെയും പ്രാർഥനയും സാമ്പത്തിക സഹായവും അത്യാവശ്യമാണെന്ന് ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
കരിവേടകം സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോർജ് വെള്ളരിങ്ങാട്ട്, ഇല്യാസ് ജുമാ മസ്ജിദ് ഉസ്താദ് അബ്ദുൾ ലത്തീഫ്, ദുർഗാ പരമേശ്വരി ക്ഷേത്രം പ്രസിഡന്റ് കെ. നാരായണൻ, കുറ്റിക്കോൽ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസി തോമസ് എന്നിവർ രക്ഷാധികാരികളും കെ.ജെ. രാജു ചെയർമാനും പഞ്ചായത്തംഗം ജോസ് പാറത്തട്ടേൽ ജനറൽ കൺവീനറും ഇടവക കോ-ഓർഡിനേറ്റർ സണ്ണിക്കുട്ടി കാഞ്ഞിരത്തുംമൂട്ടിൽ ട്രഷററുമായാണ് ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചത്.
ഗൂഗിൾ പേ നമ്പറുകൾ: 9447652989 (കെ.ജെ. രാജു), 9526527512 (സണ്ണി കാഞ്ഞിരത്തുംമൂട്ടിൽ), 9744257635 (ജോസ് പാറത്തട്ടേൽ). അക്കൗണ്ട് നമ്പർ: 40420101081987, ഐഎഫ്എസ് സി കോഡ്: കെഎൽജിബി00 40420, കേരള ഗ്രാമീണ ബാങ്ക് ബന്തടുക്ക ശാഖ.