പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
1585887
Saturday, August 23, 2025 1:13 AM IST
പരപ്പ: ബ്ലോക്ക് പഞ്ചായത്തിനായി നിര്‍മിച്ച പുതിയ കെട്ടിടം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍ക്കായുള്ള ഹാളിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ആര്. ഷൈനിയും വെര്‍ച്വല്‍ മീറ്റിംഗ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറും നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെ നാലു വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 1.37 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. 6500 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ഇരുനിലക്കെട്ടിടത്തിൽ ഒരേസമയം 250 പേര്‍ക്ക് ഇരിക്കാവുന്ന സീറ്റിംഗ് ഹാള്‍, 60 പേരെ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ സംവിധാനങ്ങളോടു കൂടിയ വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍, പൊതുജനങ്ങള്‍ക്കായുള്ള കാത്തിരിപ്പ് കേന്ദ്രം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
അസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സമ്പൂര്‍ണത അഭിയാന് സമ്മാന്‍ സമാരോഹ് പരിപാടിയും നീതി ആയോഗിൽനിന്ന് ലഭിച്ച അവാര്‍ഡ് തുക ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ഡിജിറ്റല്‍ ലോഞ്ചിംഗും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. സമ്പൂര്‍ണത അഭിയാന് പരിപാടിയുമായി ബന്ധപ്പെട്ട് ആരോഗ്യം, പോഷകാഹാരം, കൃഷി എന്നീ മേഖലകളില്‍ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതിന് പ്രയത്നിച്ച ജനപ്രതിനിധികളെയും ജില്ല, ബ്ലോക്ക് തല ഉദ്യോഗസ്ഥരെയും മുന്‍നിര പ്രവര്‍ത്തകരെയും അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, സ്ഥിരം സമിതി അധ്യക്ഷരായ കെ. രജനി, പി.വി. ചന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. രവി, രാജു കട്ടക്കയം, ജോസഫ് മുത്തോലി, ഗിരിജ മോഹനന്, പി. ശ്രീജ, ടി.കെ. നാരായണന്, പ്രസന്ന പ്രസാദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി. ബിജുകുമാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഒക്ലാവ് കൃഷ്ണന്, പ്രമോദ് വര്‍ണം എന്നിവർ സംസാരിച്ചു.
അവാർഡ് തുകയായി നീതി ആയോഗില്‍ നിന്ന് ലഭിച്ച 3.5 കോടി രൂപ ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ എട്ട് പദ്ധതികളാണ് നടപ്പാക്കുക. ബ്ലോക്കിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളെ എന്‍ക്യുഎഎസ് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി 1.53 കോടി രൂപയും വെള്ളരിക്കുണ്ട് എഫ്എച്ച്സിയില്‍ ക്ഷയരോഗ നിര്‍ണയ കേന്ദ്രം സ്ഥാപിക്കുന്നതിന് 43.10 ലക്ഷം രൂപയും അനുവദിക്കും. ബ്ലോക്ക് പരിധിയിലെ 14 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൂഗര്‍ഭജല റീചാര്‍ജ് സംവിധാനം ഒരുക്കുന്നതിനുവേണ്ടി 35 ലക്ഷം രൂപ അനുവദിക്കും.
ബ്ലോക്കിലെ എല്ലാ വെറ്ററിനറി കേന്ദ്രങ്ങള്‍ക്കും എഫ്എംഡി വാക്സിനേഷന് കിറ്റും ടാബും ലഭ്യമാക്കുന്നതിനായി 6.90 ലക്ഷം രൂപ മാറ്റിവയ്ക്കും. ബ്ലോക്കിലെ മുഴുവന്‍ അങ്കണവാടികളിലേക്കും ഗ്രോത്ത് മോണറ്ററിംഗ് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 8.75 ലക്ഷം രൂപയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വാട്ടര്‍ ഡിസ്പെന്‍സറുകള്‍ സ്ഥാപിക്കുന്നതിനായി 10.50 ലക്ഷം രൂപയും രണ്ട് ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ അടുക്കളയും ഡൈനിംഗ് ഹാളും നിര്‍മിക്കുന്നതിനായി 44.15 ലക്ഷം രൂപയും ജൈവവള നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി 49 ലക്ഷം രൂപയും അനുവദിക്കും.