കുമ്പളയിൽ ടോൾ ബൂത്ത് നിർമാണം തുടങ്ങി; തടയാൻ ശ്രമിച്ച സമരസമിതി ഭാരവാഹികളെ അറസ്റ്റ് ചെയ്തു നീക്കി
1585596
Friday, August 22, 2025 12:38 AM IST
കുമ്പള: പുതിയ ദേശീയപാതയുമായി ബന്ധപ്പെട്ട് കുമ്പള ആരിക്കാടിയിൽ ടോൾ ബൂത്തിന്റെ നിർമാണം വീണ്ടും തുടങ്ങി. ജനകീയ സമരസമിതിയുടെ പ്രതിഷേധവും ഹൈക്കോടതിയിലെ കേസ് നടപടികളും മൂലം നേരത്തേ നിർമാണ പ്രവൃത്തികൾ നിർത്തിവച്ചതായിരുന്നു.
നിയമവിരുദ്ധമായാണ് ഇവിടെ ടോൾ ബൂത്ത് നിർമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സമരസമിതി നേതാക്കൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് നിർമാണം പുനരാരംഭിച്ചത്.
എന്നാൽ, ഇതിനെതിരായി തങ്ങൾ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും അതിൽ തീരുമാനമാകുന്നതുവരെ നിർമാണം നിർത്തിവയ്ക്കണമെന്നുമാണ് സമരസമിതിയുടെ ആവശ്യം.
ഇന്നലെ നിർമാണപ്രവൃത്തികൾ തടയാൻ ശ്രമിച്ച സമരസമിതി നേതാക്കളായ എ.കെ. ആരിഫ്, അഷ്റഫ് കാർള, സി.എ. സുബൈർ, അൻവർ ആരിക്കാടി, ലക്ഷ്മണ പ്രഭു, നാസർ മൊഗ്രാൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന് പോലീസ് സംരക്ഷണയിലാണ് പണി പുനരാരംഭിച്ചത്.
കളക്ടർ രേഖാമൂലം നിർദേശിച്ചാൽ മാത്രം പണി നിർത്തിവയ്ക്കാമെന്നാണ് ദേശീയപാത അധികൃതരുടെയും കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും നിലപാട്.
ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടി സമരസമിതി നേതാക്കൾ കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. ദേശീയപാതയുടെ ചെങ്കള-നീലേശ്വരം റീച്ചിൽപ്പെട്ട ചാലിങ്കാലിൽ സ്ഥിരം ടോൾ ബൂത്തിന്റെ നിർമാണം നടക്കുന്ന സാഹചര്യത്തിൽ അവിടെനിന്ന് ചുരുങ്ങിയ ദൂരപരിധിയിലുള്ള കുമ്പളയിൽ താത്കാലിക ടോൾ ബൂത്ത് സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് സമരസമിതിയുടെ നിലപാട്.