ബസുടമകളെ വലച്ച് മോട്ടോര്‍വാഹനവകുപ്പ്
1586273
Sunday, August 24, 2025 7:13 AM IST
കാസര്‍ഗോഡ്: മോട്ടോര്‍ വാഹന വകുപ്പിന്റെ നയങ്ങള്‍ സ്വകാര്യബസ് മേഖലയെ തകര്‍ക്കുന്നതായി ആക്ഷേപം. പുതിയ പെര്‍മിറ്റുകള്‍ക്ക് പുതിയ ബസ് എന്ന തീരുമാനമെടുപ്പിക്കാന്‍ നീക്കം ആരംഭിച്ചതായി ബസുടമകള്‍ ആരോപിക്കുന്നു. നിലവില്‍ ഓടുന്ന പെര്‍മിറ്റില്‍ വേണമെങ്കില്‍ 22 വര്‍ഷം വരെ പഴകിയ ബസിന് ഓടാം.
ബസ് വിറ്റാല്‍ അതേ പെര്‍മിറ്റില്‍ അല്പം പുതിയത് പകരമിട്ടാല് മതി. പക്ഷേ പുതിയ റൂട്ടില്‍ പെര്‍മിറ്റ് തുടങ്ങാന്‍ 45 ലക്ഷം വരെ മുടക്കി ബോഡികോഡ് അനുസരിച്ചുള്ള ബസ് ഇറക്കണം. ഇതു ഗ്രാമങ്ങളിലേക്ക് കൂടുതല്‍ യാത്രാസൗകര്യം ഉണ്ടാകുന്നത് പ്രതിരോധിക്കാനുള്ള തന്ത്രമെന്നാണ് ആക്ഷേപം. ഒട്ടേറെ പ്രദേശങ്ങളിലേക്ക് പുതിയ റോഡുകളും പാലങ്ങളും വന്നത് കൊണ്ട് സ്വകാര്യവാഹനം ഉള്ളവനേ പ്രയോജനപ്പെടുകയുള്ളു. ബസുകള്‍ വരില്ല.
ബസ് വാങ്ങി പെര്‍മിറ്റിന് അപേക്ഷിച്ചാല്‍ ആര്‍ടിഎ യോഗം നടക്കുന്നത് തന്നെ ആറുമാസം വരെ വൈകിയാണ്. പെര്‍മിറ്റ് പാസായാലും ഓടാനുള്ള സമയം നിശ്ചയിച്ച് കൊടുക്കാനും മാസങ്ങള്‍ വൈകിപ്പിക്കും. കാസര്‍ഗോഡ് ജില്ലയില്‍ 2024 ജൂലൈയില്‍ ആര്‍ടിഎ യോഗം ചേര്‍ന്നിരുന്നു. അടുത്ത ബോര്‍ഡ് പ്രതീക്ഷിച്ച് പലരും ബസ് വാങ്ങി. അടുത്ത യോഗം നടന്നത് 2025 ഫെബ്രുവരിയിലാണ്. ഇതിനകം ബാധ്യതയായി പലരും ബസ് വിറ്റ് ഒഴിവാക്കി.
പഴയ ഓപ്പറേറ്റര്‍മാരുടെ അഭിപ്രായം പരിഗണിച്ച് മാത്രമേ പുതിയയാള്‍ക്ക് സമയക്രമം അനുവദിക്കൂ. മിക്ക റൂട്ടിലും പുതിയ പെര്‍മിറ്റ് കിട്ടിയാല്‍ ഒരു വര്‍ഷമെങ്കിലും ഓടിയാലേ ഡീസല്‍ ചെലവും വേതനവും കഴിച്ച് ബാക്കി തുക മിച്ചം പിടിക്കാനാകൂ. പഴയ ബസുകള്‍ 5 -10 ലക്ഷത്തിന് വാങ്ങിയാല്‍ പിടിച്ച് നില്ക്കാം. പുതിയ ബസ് ആദ്യമേ ഇറക്കിയാല്‍ മാസം 70,000 രൂപ വരെ ലോണ്‍ അടവും കാണേണ്ടി വരും. അപേക്ഷകന് കടം കയറി കൂത്തുപാളയെടുത്താല് മറ്റാരും തങ്ങളുടെ മേഖലയിലേക്ക് കടന്നു വരില്ലെന്ന ആലോചനയാണ് ഈ നീക്കത്തിന് പിന്നില്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുതിയ പെര്‍മിറ്റുകള്‍ക്ക് ഏഴു മുതല്‍ എട്ടു വര്‍ഷം പഴക്കമെന്ന വ്യവസ്ഥ നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം.
പെര്‍മിറ്റുകള്‍ വില്‍ക്കുന്നതിന് നിയമസാധുതയില്ലെങ്കിലും 14,000 വരെ പ്രതിദിന കലക്ഷനുള്ള ബസിന്റെ പെര്‍മിറ്റ് മാത്രം 20 ലക്ഷം രൂപ മതിപ്പ് കണക്കാക്കിയാണ് കൈമാറ്റം ചെയ്യുന്നത്. ഇതിന്റെ മിച്ചം ശരാശരി 4000 രൂപയുണ്ടാകും. കടുതല്‍ ബസ് സര്‍വീസുകള്‍ വന്നാല്‍ പഴയ പെര്‍മിറ്റുകള്‍ പൊന്നുംവിലയ്ക്ക് വാങ്ങാന്‍ ആളുണ്ടാകില്ല. 6000 രൂപ ഫീസും കൈമടക്ക് അടക്കം 10,000 രൂപയ്ക്ക് സാങ്കേതിക കാര്യങ്ങള്‍ നടക്കും.
നടത്തിപ്പ് മാത്രമേ വെല്ലുവിളിയാകൂ. സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ 30,0 00ത്തില്‍ നിന്ന് 7000 ആയി കുത്തനെ കുറഞ്ഞതിന് സര്‍ക്കാരിനെ പഴിക്കുമ്പോഴാണ് മറുഭാഗത്ത് പുതിയ സംരംഭകരെ അകറ്റാന്‍ ശ്രമം നടത്തുന്നത്.