നിക്ഷേപക കമ്പനി പിന്മാറി; ബേക്കല്‍ ടൂറിസം വില്ലേജ് പദ്ധതി അനിശ്ചിതത്വത്തില്‍
1571499
Monday, June 30, 2025 12:55 AM IST
കാഞ്ഞങ്ങാട്: ടൂറിസം മന്ത്രി നേരിട്ട് ഇടപെട്ട് നടപ്പിലാക്കാന്‍ ശ്രമിച്ച ബേക്കല്‍ ടൂറിസം വില്ലേജ് പദ്ധതി നിശ്ചലാവസ്ഥയില്‍. നിക്ഷേപക കമ്പനി പിന്മാറിയതോടെയാണ് പദ്ധതി നിലച്ചത്. പകരം ആളെ കണ്ടെത്താന്‍ നടപടികള്‍ തുടങ്ങിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ടൂറിസം വകുപ്പിനു കീഴിലെ ബേക്കല്‍ റിസോര്‍ട്സ് ഡവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡുമായി (ബിആര്‍ഡിസി) പദ്ധതിക്ക് കരാര്‍ ഒപ്പിട്ട മോറെക്സ് ഗ്രൂപ്പാണ് സെക്രട്ടറിതല യോഗത്തില്‍ പദ്ധതിയില്‍നിന്നു പിന്മാറാന് താല്പര്യം അറിയിച്ചത്.
നിര്‍മാണം ആരംഭിക്കാനുള്ള കരാര്‍ കാലാവധി കഴിഞ്ഞിട്ടും പണി തുടങ്ങാത്തതിനെ തുടര്‍ന്നാണ് ബിആര്‍ഡിസി മോറെക്സസ് ഗ്രൂപ്പിന് നോട്ടിസ് നല്‍കിയത്. പിന്നെയും കാലതാമസം വന്നതോടെയാണ് സെക്രട്ടറി തലത്തില്‍ ഉന്നതതലയോഗം വിളിച്ചത്.
രണ്ടുഘട്ടങ്ങളിലായി 250 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടത്. വില്ലേജ് എക്സ്പീരിയന്‍സ്, ഫാം ടൂറിസം, ഫിഷിംഗ് ഫാം, സാഹസിക ടൂറിസം പദ്ധതികള്‍, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്, മീറ്റിംഗ്, എക്സിബിഷന് എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുകയായിരുന്നു ലക്ഷ്യം.അജാനൂർ പഞ്ചായത്തിലെ 33.18 ഏക്കര്‍ ഭൂമിയിലാണ് ടൂറിസം വില്ലേജ് നടപ്പാക്കാന്‍ കണ്ടെത്തിയത്. 1996ല്‍ ബിആര്‍ഡിസി റിസോര്‍ട്ട് നിര്‍മാണത്തിനായി വാങ്ങിയ സ്ഥലമാണ് ബേക്കല്‍ ടൂറിസം വില്ലേജ് നിര്‍മിക്കാനായി കൈമാറിയത്.
പ്രസ്തുത സ്ഥലം റിസോര്‍ട്ട് നിര്‍മാണത്തിനായി ആദ്യം ലീസിന് എടുത്തവര്‍ ഉപേക്ഷിച്ചതോടെ തൃശൂരിലെ ജോയ്സ് ഗ്രൂപ്പിന് കൈമാറി. എന്നാല്‍ തീരദേശ പരിപാലന നിയമനം കര്‍ശനമായതോടെ ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. നിയമപ്രകാരം 3.5 ഏക്കര്‍ സ്ഥലത്ത് മാത്രമേ നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ കഴിയൂ. ഇതോടെ ജോയ്സ് ഗ്രൂപ്പും പദ്ധതി ഉപേക്ഷിച്ചു.
റിസോര്‍ട്ട് നിര്‍മാണം തടസപ്പെട്ടതോടെ സ്ഥലം വര്‍ഷങ്ങളായി കാടുമൂടി കിടക്കുകയായിരുന്നു. പിന്നീട് അജാനൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാടുമൂടി കിടക്കുന്ന സ്ഥലത്ത് ടൂറിസം പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്കും ബിആര്‍ഡിസി എംഡിക്കും നിവേദനം നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെട്ട് വകുപ്പുതല പരിശോധനയ്ക്കു നിര്‍ദേശം നല്കി. സ്ഥലം പരിശോധിച്ച സംഘം റിസോര്‍ട്ട് ഇതര ടൂറിസം പദ്ധതികള്‍ക്ക് സ്ഥലം അനുകൂലമാണെന്ന് റിപ്പോര്‍ട്ട് നല്കി.ബിആര്‍ഡിസി എംഡി പദ്ധതി യഥാര്‍ഥ്യമാക്കാനുള്ള നടപടിയും സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബേക്കല്‍ ടൂറിസം വില്ലേജ് പദ്ധതി ഇവിടെ നടപ്പിലാക്കാന്‍ തീരുമാനമായത്.