വനിതാ കമ്മീഷൻ തീരദേശ മേഖലാ ക്യാമ്പിന് തുടക്കമായി
1571384
Sunday, June 29, 2025 7:12 AM IST
വലിയപറമ്പ്: വനിതാ കമ്മീഷൻ തീരദേശ മേഖലാ ക്യാമ്പിന് വലിയപറമ്പ് പഞ്ചായത്തിൽ തുടക്കമായി. തീരദേശമേഖലയിലെ വനിതകളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് പരിഹാര മാർഗങ്ങൾക്കായി സർക്കാരിലേക്ക് സമർപ്പിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
പടന്ന കടപ്പുറത്ത് കിടപ്പുരോഗികളായി വീട്ടിൽ കഴിയുന്ന സ്ത്രീകളെ വനിതാ കമ്മീഷൻ അംഗം പി. കുഞ്ഞായിഷയും പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ച് ആവശ്യങ്ങൾ കേട്ടറിഞ്ഞു. പടന്ന കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികളും നിയമസഹായ നടപടികളും സംഘടിപ്പിക്കും.
വനിതാ കമ്മീഷൻ അംഗം പി. കുഞ്ഞായിഷ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ അധ്യക്ഷത വഹിച്ചു.
വനിതാ കമ്മീഷൻ പ്രൊജക്ട് ഓഫീസർ എൻ. ദിവ്യ, ഫിനാൻസ് ഓഫീസർ ലിജ ജോസഫ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശ്യാമള, സ്ഥിരം സമിതി അധ്യക്ഷരായ ഖാദർ പാണ്ട്യാല, കെ. മനോഹരൻ, പഞ്ചായത്തംഗം എം. അബ്ദുൾ സലാം, കുടുംബശ്രീ സിഡിഎസ് അധ്യക്ഷ ഇ.കെ. ബിന്ദു എന്നിവർ പ്രസംഗിച്ചു.
പോലീസ്, എക്സൈസ്, റവന്യു, ഫിഷറീസ്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളുടെ പ്രതിനിധികൾ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഇന്ന് രാവിലെ 10 ന് നടക്കുന്ന സെമിനാർ എം. രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വനിതാ കമ്മീഷൻ അംഗം പി. കുഞ്ഞായിഷ അധ്യക്ഷത വഹിക്കും. എം. ആശാലത, എസ്. ഐശ്വര്യ എന്നിവർ വിഷയാവതരണം നടത്തും.