ഉദ്ഘാടനം ചെയ്ത് ഒരുമാസം പിന്നിട്ടിട്ടും അനക്കമില്ലാതെ ബോവിക്കാനം എബിസി കേന്ദ്രം
1571500
Monday, June 30, 2025 12:55 AM IST
കാസര്‍ഗോഡ്: തെരുവുനായ വന്ധ്യംകരണത്തിനായി ഒന്നരകോടി രൂപ ചെലവഴിച്ച് മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനത്ത് നിര്‍മിച്ച എബിസി (അനിമല്‍ ബര്‍ത്ത് കണ്ട്രോള്) കേന്ദ്രം ഉദ്ഘാടനം ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും പ്രവര്‍ത്തനം തുടങ്ങിയില്ല. ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പറഞ്ഞ സ്ഥാപനത്തിനാണ് ഈ ദുരവസ്ഥ.
തെരുവുനായ ശല്യം ജില്ലയില്‍ വ്യാപകമായി ഭീഷണിയായിരിക്കെയാണ് അധികൃതരുടെ ഈ മെല്ലെപ്പോക്ക്. കഴിഞ്ഞ മാസം 19നു മന്ത്രി ജെ. ചിഞ്ചുറാണിയാണ് എബിസി കേന്ദ്രം ഉദഘാടനം ചെയ്തത്.
പട്ടികളെ പിടിക്കാനും വന്ധ്യംകരണം നടത്താനുമുള്ള ഏജന്‍സി, ഉപകരണങ്ങള്‍, കൂട്, കെട്ടിടം തുടങ്ങി എല്ലാം തയാറായ ശേഷമാണ് ഉദ്ഘാടനം നടത്തിയത്. പക്ഷേ ഇതുവരെയായിട്ടും പ്രവര്‍ത്തനം തുടങ്ങിയില്ല. പറഞ്ഞ സമയത്ത് പ്രവര്‍ത്തനം തുടങ്ങിയിരുന്നെങ്കില്‍ ഇതിനകം 700ല്‍ ഏറെ തെരുവു നായകളെ വന്ധ്യംകരിക്കാന്‍ കഴിയുമായിരുന്നു.
ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്നാണ് അത്യാധുനിക രീതിയിലുള്ള എബിസി കേന്ദ്രം ബോവിക്കാനം എട്ടാംമൈലില്‍ നിര്‍മിച്ചത്.
മുളിയാറിലെ വെറ്ററിനറി കേന്ദ്രത്തിനോട് ചേര്‍ന്നാണിത്. 1.40 കോടി രൂപ ചെലവിലാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയത്. നെയ്ന്‍ ഫൗണ്ടേഷന് എന്ന ഹരിയാന ആസ്ഥാനമായ സംഘടനയാണ് ഇതിന്റെ കരാറെടുത്തത്.
പട്ടിയെ പിടികൂടി വന്ധ്യംകരണം നടത്തിയ ശേഷം അതേ സ്ഥലത്ത് തിരികെ വിടാന്‍ 1925 രൂപയാണ് അവര്‍ക്കു കൊടുക്കുക. അഞ്ചുദിവസം കൂട്ടിലിട്ട് ചികിത്സ നല്കിയ ശേഷമാണ് തുറന്നുവിടുക.
2016 ലാണ് കാസര്‍ഗോട്ട് എബിസി കേന്ദ്രം ആരംഭിച്ചത്. അിനുശേഷം തൃക്കരിപ്പൂരില്‍ മറ്റൊരു കേന്ദ്രവും തുടങ്ങി. എന്നാല്‍ 2023ല്‍ രണ്ടിന്റെയും പ്രവര്‍ത്തനം നിലച്ചു.