ആവശ്യത്തിന് കുട്ടികളില്ലാതെ ജില്ലയിൽ നാലു പ്ലസ് വൺ ബാച്ചുകൾ
1569023
Saturday, June 21, 2025 1:44 AM IST
കാഞ്ഞങ്ങാട്: മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞ് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങിയപ്പോഴും ജില്ലയില്‍ നാലു ഹയർ സെക്കൻഡറി സ്കൂളുകളിലെ ഓരോ ബാച്ചുകളില്‍ കുട്ടികളുടെ എണ്ണം തികഞ്ഞില്ല. ഒരു ബാച്ചിൽ ഏറ്റവും ചുരുങ്ങിയത് 25 കുട്ടികളെങ്കിലും വേണമെന്നാണ് നിയമം.
കഴിഞ്ഞവർഷം ഒൻപതു കുട്ടികൾ മാത്രം പ്രവേശനം നേടിയ വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട സിഎച്ച്എംകെഎസ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണ 16 പേരുമായി നില മെച്ചപ്പെടുത്തിയെങ്കിലും ബാച്ചിലെ എണ്ണം തികയ്ക്കാനുള്ള കുട്ടികളെ ഇത്തവണയും കിട്ടിയില്ല. ഒരു ബാച്ചിൽ തുടർച്ചയായി മൂന്നു വർഷം 25 കുട്ടികളെ തികയ്ക്കാനാകുന്നില്ലെങ്കിൽ ആ ബാച്ച് നിർത്തലാക്കുകയാണ് പതിവ്.
ഇതോടെ വരുംവര്‍ഷം പെരുമ്പട്ടയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം തന്നെ നഷ്ടപ്പെടുമെന്നാണ് ആശങ്ക. ഇങ്ങനെ കഴിഞ്ഞ മൂന്നുവർഷത്തിനിടെ ജില്ലയിൽ ഏഴു സ്കൂളുകൾക്ക് പ്ലസ് വൺ കോഴ്സുകൾ നഷ്ടമായിട്ടുണ്ട്.
കോടോത്ത് ഡോ. അംബേദ്കർ ഗവ. സ്കൂളിൽ ഹ്യുമാനിറ്റീസ് ബാച്ചിൽ 15 കുട്ടികൾ മാത്രമാണ് പ്രവേശനം നേടിയിട്ടുള്ളത്. എൻമകജെ പഞ്ചായത്തിലെ പദ്രെ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹ്യുമാനിറ്റീസ് ബാച്ചിൽ 15 കുട്ടികളും ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് ബാച്ചിൽ 22 കുട്ടികളും മാത്രമാണ് പ്രവേശനം നേടിയത്.
നഗരമേഖലകളിലെ സ്കൂളുകളിൽ ചെന്നു പഠിക്കാനുള്ള കുട്ടികളുടെ താൽപര്യം മൂലം മറ്റു സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് കുട്ടികളെ കിട്ടാത്ത അവസ്ഥയ്ക്ക് ഇത്തവണയും മാറ്റമുണ്ടായില്ല. 25 കുട്ടികളുടെ എണ്ണം തികഞ്ഞെങ്കിലും ബാക്കി സീറ്റുകളിലേറെയും ഒഴിഞ്ഞുകിടക്കുന്ന നിരവധി സ്കൂളുകളുണ്ട്.
പ്ലസ് വണ്ണിന് ആകെ 16031 സീറ്റുകളാണ് ഇത്തവണ ജില്ലയിൽ ലഭ്യമായിരുന്നത്. ഇതിൽ 644 എണ്ണമാണ് ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നത്.ഇനി വരാനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് വഴിയെങ്കിലും കുട്ടികളുടെ എണ്ണം തികയ്ക്കാനുള്ള ശ്രമത്തിലാണ് പല സ്കൂളുകളും.
അതേസമയം ഉപരിപഠന സൗകര്യവും കൂടുതൽ അവസരങ്ങളും മുൻനിർത്തി ജില്ലയിൽ നിന്നുള്ള നിരവധി കുട്ടികൾ പ്ലസ് വൺ പഠനത്തിനായി കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലേക്കും മംഗളുരുവിലേക്കും പോകുന്നുണ്ട്.