തീരദേശജനതയെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് വിമുഖത: എംപി
1570916
Saturday, June 28, 2025 1:50 AM IST
മഞ്ചേശ്വരം: തീരദേശജനതയെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിമുഖത കാണിക്കുന്നുവെന്നും കടല്‍ഭിത്തി നിര്‍മാണം വൈകുന്നത് ഇതിനുദാഹരണമാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി. കടലാക്രമണം അതിരൂക്ഷമായ മഞ്ചേശ്വരം കണ്വതീര്‍ഥ കടപ്പുറം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ തീരപ്രദേശങ്ങളില്‍ പലയിടത്തും രൂക്ഷമായ കടലാക്രമണമാണ്. ഭീതിയോടെയാണ് തീരദേശത്ത് താമസിക്കുന്നവര്‍ ഓരോ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. കണ്വതീര്‍ഥ കടപ്പുറത്ത് തീരപ്രദേശ റോഡ് കടലെടുത്തു. പ്രദേശത്ത് ശുദ്ധജലവിതരണം താറുമാറായി.
ജനങ്ങളുടെ ദുരിതകാലത്ത് അവര്‍ക്ക് ആശ്വാസം പകരേണ്ട ഭരണകൂടം നോക്കുകുത്തിയായി നില്ക്കുന്നു. കാസര്‍ഗോഡ് വികസന പാക്കേജില്‍ നിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പാര്‍ക്കും ഉദ്ഘടനത്തിന് മുന്‍പേ കടലെടുത്തു. ഒരു പാരിസ്ഥിതിക പഠനവും നടത്താതെ കേവലം പ്രചരണത്തിന് വേണ്ടി ഈ പാര്‍ക്ക് നിര്‍മിച്ച് ഒന്നരക്കോടി രൂപ നഷ്ടപ്പെടുത്തിയവരില്‍ നിന്നു തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.