ലൈഫ് മിഷൻ; ജില്ലയില്‍ 17,838 വീടുകള്‍ പൂര്‍ത്തിയായി
1570920
Saturday, June 28, 2025 1:50 AM IST
കാസര്‍ഗോഡ്: ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യവുമായി കേരള സര്‍ക്കാര്‍ ആരംഭിച്ച ലൈഫ് മിഷന് പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ പൂര്‍ത്തിയായത് 17,838 വീടുകള്‍. പദ്ധതി മൂന്നാംഘട്ടത്തില്‍ എത്തിനില്ക്കുമ്പോള് ജില്ലയില്‍ ഭവന ധനസഹായത്തിന് അര്‍ഹരായ 36,462 പേരില്‍ പകുതിയോളം പേരുടെയും ഭവനനിര്‍മാണം പൂര്ത്തികരിക്കപ്പെട്ടുകഴിഞ്ഞു. 22,824 കരാറുകളാണ് വച്ചിട്ടുള്ളത്.
ഭൂമിയുള്ള ഭവനരഹിതര്‍, ഭൂരഹിത ഭവനരഹിതര്‍ എന്നീ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി പട്ടികവര്‍ഗ, തീരദേശം, പൊതുവിഭാഗം എന്നി വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് നാലു ലക്ഷം രൂപയും വിദൂര പ്രദേശങ്ങളിലെ പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്ക് ആറു ലക്ഷം രൂപയുമാണ് ലൈഫ് മിഷനിലൂടെ നല്കി വരുന്നത്.
സംസ്ഥാന സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും കേന്ദ്ര ഏജന്‍സിയായ ഹഡ്കോയും(വായ്പാത്തുക) സംയുക്തമായാണ് പദ്ധതിക്കുള്ള വിഹിതം നല്‍കുന്നത്. ഘട്ടംഘട്ടമായി പണി പൂര്‍ത്തീകരിക്കുന്ന സാഹചര്യത്തില്‍ നാലു ഗഡുക്കളായും വിദൂരപ്രദേശത്തെ പട്ടികവര്‍ഗ വിഭാഗത്തിന് അഞ്ചു ഗഡുക്കളായും തുക വിതരണം ചെയ്യുന്നു.
കാഞ്ഞങ്ങാട് ബ്ലോക്കിലെ അഞ്ചു പഞ്ചായത്തുകളിലായി 1722 വീടുകളും കാറഡുക്ക ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിലായി 2655 വീടുകളും കാസര്‍ഗോഡ് ബ്ലോക്കിലെ ആറു പഞ്ചായത്തുകളിലായി 2660 വീടുകളും മഞ്ചേശ്വരം ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിലായി 1786 വീടുകളും നീലേശ്വരം ബ്ലോക്കിലെ ആറു പഞ്ചായത്തുകളിലായി 1356 വീടുകളും പരപ്പ ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിലായി 5461 വീടുകളും കാഞ്ഞങ്ങാട്, കാസര്‍ഗോഡ്, നീലേശ്വരം മുനിസിപ്പാലിറ്റികളില്‍ ആയി 2198 വീടുകളുമാണ് ലൈഫ് മിഷനിലൂടെ പൂര്‍ത്തീകരിച്ചിരിക്കുന്നത്