സെന്റ് പയസ് കോളജിൽ അക്കാദമിക് റിട്രീറ്റ് നടത്തി
1568751
Friday, June 20, 2025 1:13 AM IST
രാജപുരം: ആധുനിക കാലത്തെ മാറ്റങ്ങൾക്കനുസൃതമായി വിദ്യാഭ്യാസനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ അധ്യാപകരെയും അനധ്യാപകരെയും ഉൾക്കൊള്ളിച്ചുകൊണ്ട് അക്കാദമിക് റിട്രീറ്റ് നടത്തി.
കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ നേതൃത്വം നല്കി. വിദ്യാർഥികളെ ഇതര ജോലികൾക്കൊപ്പം വീട്ടിലെ ജോലികളും ചെയ്യാൻ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ രീതി ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കോളജിന്റെ പശ്ചാത്തല സംവിധാനങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തണമെന്ന് പ്രോ മാനേജർ ഫാ. ജോയ് കട്ടിയാങ്കൽ പറഞ്ഞു. കഴിഞ്ഞവർഷത്തെ അക്കാദമിക് നേട്ടങ്ങൾ ഉൾക്കൊള്ളിച്ച റിപ്പോർട്ടും ഭാവിയിലേക്കുള്ള നയരേഖകളും പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് അവതരിപ്പിച്ചു.
വിവിധ വകുപ്പുകളിലെ അധ്യാപകർ അതത് വിഭാഗങ്ങളിലെ പ്രവർത്തനനേട്ടങ്ങളും ഭാവിപരിപാടികളും അവതരിപ്പിച്ചു. കായികവിഭാഗം, ലൈബ്രറി എന്നിവയുടെയും കോളജ് ഓഫീസിന്റെയും പ്രവർത്തനങ്ങളും വിലയിരുത്തി.
കോളജ് ബർസാർ ഫാ. ജോബിൻ പ്ലാച്ചേരി പുറത്ത്, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. ജോബി തോമസ് എന്നിവർ സംബന്ധിച്ചു.