സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
1568122
Tuesday, June 17, 2025 10:04 PM IST
പെരുമ്പട്ട: പെരുമ്പട്ട-ചീമേനി റോഡിൽ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പെരുമ്പട്ട മുള്ളിക്കാട്ട് കോടോത്ത് വളപ്പിൽ കെ.വി.അമ്പാടിയുടേയും പത്മിനിയുടേയും മകൻ രഞ്ജിത്(31) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഒരു സുഹൃത്തിനെ പള്ളിപ്പാറയിലെ വീട്ടിലെത്തിച്ച് തിരിച്ചുവരികയായിരുന്നു രഞ്ജിത്.
കനത്ത മഴയിൽ പെരുമ്പട്ട വളവിനു സമീപത്തുവച്ച് സ്കൂട്ടർ നിയന്ത്രണംതെറ്റി മറിയുകയായിരുന്നുവെന്ന് കരുതുന്നു. ഇന്നലെ രാവിലെ സ്ഥലത്തെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് റോഡിനു താഴെ മറിഞ്ഞുകിടക്കുന്ന സ്കൂട്ടർ കണ്ടത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അല്പമകലെയായി മൃതദേഹം കണ്ടെത്തിയത്. കല്ലിൽ തലയിടിച്ചു വീണതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോൺക്രീറ്റ് നിർമാണ തൊഴിലാളിയായിരുന്നു. സഹോദരി: രമ്യ.