പാടശേഖര സമിതിയുടെ നെൽക്കൃഷി ആരംഭിച്ചു
1567643
Monday, June 16, 2025 1:14 AM IST
തൃക്കരിപ്പൂർ: തരിശുരഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂർ പഞ്ചായത്തിലെ മുച്ചിലോട്ട് പാടശേഖരത്തിൽ കക്കുന്നം-തളിച്ചാലം പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന യന്ത്രവത്കൃത നെൽക്കൃഷിയുടെ ഞാറുനടൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പിന്റെയും നീലേശ്വരം കാർഷിക സേവന കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പഞ്ചായത്തിലെ ആറേക്കറിലധികം തരിശുപാടങ്ങളിൽ നെൽകൃഷി നടത്തുന്നത്. പിലിക്കോട്ടെ കർഷകരിൽ നിന്നും ശേഖരിച്ച മട്ടത്രിവേണി, ജ്യോതി വിത്തുകളാണ് ഉപയോഗിക്കുന്നത്.
പാടശേഖര സമിതി പ്രസിഡന്റ് വി.എം. ബാബുരാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ഹാഷിം കാരോളം, അംഗങ്ങളായ കെ.എൻ.വി. ഭാർഗവി, എ.കെ. സുജ, സെക്രട്ടറി ടി.വി. ഹരീഷ്, കൃഷി ഓഫീസർ രജീന എന്നിവർ പങ്കെടുത്തു.