കോട്ടച്ചേരി ബസ് സ്റ്റാൻഡിനു മുന്നിൽ മേൽപ്പാലം നിർമിക്കാൻ ഒരു കോടി രൂപ
1567642
Monday, June 16, 2025 1:14 AM IST
കാഞ്ഞങ്ങാട്: കോട്ടച്ചേരി ബസ് സ്റ്റാൻഡിനു മുന്നിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കുന്നതിനായി മേൽ നടപ്പാലം നിർമിക്കാൻ നഗരസഭ ഒരു കോടി രൂപയുടെ പദ്ധതി തയ്യാറാക്കി.
പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചതായും പൊതുമരാമത്ത് വകുപ്പിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും നഗരസഭാ അധികൃതർ അറിയിച്ചു. ലിഫ്റ്റ് സൗകര്യത്തോടുകൂടിയ നടപ്പാലമാണ് നിർമിക്കാനുദ്ദേശിക്കുന്നത്.
നഗരമധ്യത്തിലെ ഏറ്റവും തിരക്കേറിയ റോഡിൽ കാൽനടയാത്രക്കാർക്കായി മേൽപ്പാലമില്ലാത്തതു മൂലമുണ്ടാകുന്ന ദുരിതങ്ങളും ഗതാഗതക്കുരുക്കും ദീപിക ഉൾപ്പടെയുള്ള പത്രങ്ങളിൽ പലതവണ വാർത്തയായതോടെയാണ് നഗരസഭയുടെ ഇടപെടൽ.
ഇപ്പോൾ ബസ് സ്റ്റാൻഡ് അടച്ചിട്ടതോടെ റോഡിൽ തലങ്ങും വിലങ്ങും നിർത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന ബസുകൾക്കിടയിലൂടെ റോഡ് മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർ ഏറെ പ്രയാസപ്പെടുകയാണ്. ഇവിടെ നടപ്പാലം നിർമിക്കണമെന്ന ആവശ്യം നിരവധി തവണ നഗരസഭയുടെ ബജറ്റുകളിൽ സ്ഥാനം പിടിച്ചിട്ടും ഇതുവരെ ഇതിനുള്ള നടപടിക്രമങ്ങളൊന്നും തുടങ്ങിയിരുന്നില്ല.