ലൈംഗികാതിക്രമ കേസുകളില്‍ വിചാരണ നേരിടുന്ന അധ്യാപകന്റെ സസ്പെന്ഷന് പിന്‍വലിച്ചു
1549684
Tuesday, May 13, 2025 7:09 PM IST
കാസര്‍ഗോഡ്: രണ്ടു വ്യത്യസ്ത ലൈംഗികാതിക്രമ കേസുകളില്‍ വിചാരണ നേരിടുന്ന അസി.പ്രഫസര്‍ ഇഫ്തിക്കര്‍ അഹമ്മദിന്റെ സസ്പെന്ഷന് കേരള കേന്ദ്രസര്‍വകലാശാല പിന്‍വലിച്ചു. സര്‍വകലാശാലയുടെ സസ്പെന്ഷന് അവലോകന സമിതിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍ പ്രഫ. സിദ്ധു പി.അല്‍ഗൂര്‍ ആണ് തീരുമാനമെടുത്തത്.
ഉത്തരവ് പ്രകാരം, അധ്യാപനം, ഗവേഷണം തുടങ്ങിയ അക്കാദമിക് ജോലികള്‍ പുനരാരംഭിക്കാന്‍ അഹമ്മദിനെ അനുവദിച്ചിട്ടുണ്ടെങ്കിലും വകുപ്പിലോ സര്‍വകലാശാലയിലോ ഉള്ള ഭരണപരവും അക്കാദമിക് ഉത്തരവാദിത്തങ്ങളും വഹിക്കുന്നതില്നിന്നോ തീരുമാനമെടുക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നതില്നിന്നോ വിലക്കിയിട്ടുണ്ട്.
ഇംഗ്ലീഷ്, താരതമ്യ സാഹിത്യവകുപ്പിലെ അസി.പ്രഫസറായ ഇഫ്തിക്കര്‍ കവിത പഠിപ്പിക്കുന്നതിനിടെ പ്രഭാഷണങ്ങള്‍ക്കിടെ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ഥിനികള്‍ ആരോപിച്ചതിനെത്തുടര്‍ന്ന് 2023 നവംബര്‍ 28ന് ആദ്യം സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. നവംബര്‍ 13നു പരീക്ഷയ്ക്കിടെ ബോധരഹിതയായപ്പോള്‍ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയെന്ന് അതേ ബാച്ചിലെ ഒരു വിദ്യാര്‍ഥിനി പിന്നീട് ആരോപിച്ചു. ബേക്കല്‍ പോലീസ് അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
2024 ഫെബ്രുവരി 23ന് ആ സസ്പെന്ഷന് പിന്‍വലിച്ചു. ഇതു വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനിടയാക്കി. പിന്നീട് ഫെബ്രുവരി 29ന് അന്നത്തെ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രഫ. കെ.സി. ബൈജു അദ്ദേഹത്തെ വീണ്ടും സസ്പെന്‍ഡ് ചെയ്തു. ഹൈക്കോടതി അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും രണ്ടു മാസത്തേക്ക് സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയോ ഹൊസ്ദുര്‍ഗ് താലൂക്കില്‍ പ്രവേശിക്കുന്നതില്‍നിന്നു വിലക്കിയിരുന്നു.
പിന്നീട് സസ്പെന്‍ഷനും റദ്ദാക്കി. ഇതിനിടെ 22കാരി നല്കിയ പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് പോലീസാണ് ഇഫ്ത്തിക്കറിനെ വീണ്ടും അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ പറശിനിക്കടവിലെ ഒരു വാട്ടര്‍ തീം പാര്‍ക്കില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.