യുവതിയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും മരണം: പ്രതിഷേധം കടുപ്പിക്കാന്‍ കര്‍മസമിതി
1549658
Tuesday, May 13, 2025 6:48 PM IST
കാഞ്ഞങ്ങാട്: പ്രസവചികിത്സക്കിടെ പള്ളിക്കര ചേറ്റുകുണ്ടിലെ പ്രവാസി സാഗറിന്റെ ഭാര്യ ദീപയും ഗര്‍ഭസ്ഥശിശുവും മരണപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി കര്‍മസമിതി. ഇതിന്റെ ഭാഗമായി നാളെ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ കര്‍മസമിതി ഭാരവാഹികള്‍ കാഞ്ഞങ്ങാട് പത്മ പോളിക്ലിനിക്കിനു മുന്നില്‍ നിരാഹാരസമരം നടത്തും. ഇവിടുത്തെ ഗൈനക്കോളജിസ്റ്റ് ഡോ.രേഷ്മ സുവര്‍ണയുടെ ചികിത്സയിലായിരുന്നു ദീപ.
ഈ വര്‍ഷം ഫെബ്രുവരി മൂന്നിന് ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ ദീപയെ ഗര്‍ഭപാത്രം തുറന്നിരിക്കുകയാണെന്ന് പറഞ്ഞ് ഡോ.രേഷ്മയും ഭര്‍ത്താവായ അനസ്തേഷ്യസ്റ്റ് ഡോ.താരാനാഥും അഡ്മിറ്റ് ചെയ്തു. വൈകുന്നേരം ഏഴിനാണ് ദീപയ്ക്ക് പ്രസവവേദനയുണ്ടാകുന്നത്. കൂടാതെ രക്തസമ്മര്‍ദ്ദവും ഓക്സിജന്‍ അളവും കുറയുകയും ചെയ്തു.
രാത്രി 8.04ന് സാധാരണ നിലയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നത്. എന്നാല്‍ ശ്വാസമെടുക്കുകയോ കരയുകയോ ചെയ്തില്ല. രാത്രി 10.10നാണ് കുഞ്ഞ് മരണപ്പെട്ട വിവരമറിയുന്നത്. പ്രസവാനന്തരം ദീപയ്ക്ക് അനിയന്ത്രിതമായി രക്തസ്രാവമുണ്ടാവുകയും സ്ഥിതി വഷളാവുകയും ചെയ്തു. തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്കി. ഇവിടെയെത്തിച്ച് ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയെങ്കിലും ഫെബ്രുവരി നാലിന് പുലര്‍ച്ചെ 3.17ന് ദീപ മരണപ്പെടുകയായിരുന്നു.
38കാരിയായ ദീപയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ആദ്യ പ്രസവം 12 വര്‍ഷം മുമ്പായിരുന്നു. ആദ്യ പ്രസവം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന പ്രസവം എന്ന നിലയ്ക്ക് സങ്കീര്ണതയുണ്ടാവുമെന്ന കാര്യത്തെക്കുറിച്ച് ഗൈനക്കോളജിസ്റ്റ് ജാഗ്രത കാട്ടണമായിരുന്നെന്ന് ദീപയുടെ ഭര്തൃസഹോദരന് കെ.സോഹന്‍ പറഞ്ഞു.
‘പ്രസവത്തിനു മുന്നോടിയായി ദീപയുടെ ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് കരുതിവയ്ക്കാനും ഡോക്ടര്‍മാര്‍ പറഞ്ഞില്ല. രക്തം വാര്‍ന്ന് അവശയായ ദീപയെ ഓക്സിജന്റെ സഹായത്തോടെയാണ് പരിയാരത്തേയ്ക്ക് കൊണ്ടുപോയത്. പ്രസ്തുത ഡോക്ടറെക്കുറിച്ച് ചികിത്സപിഴവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.'-സോഹന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റും കര്‍മസമിതി ചെയര്‍മാനുമായ എം.കുമാരന്, വൈസ്പ്രസിഡന്റും വര്‍ക്കിംഗ് ചെയര്‍പേഴ്സണുമായ നസ്നിം വഹാബ്, ട്രഷറര്‍ സുകുമാരന്‍ പൂച്ചക്കാട്, പി.കെ.അബ്ദുള്ള, ഗോപാലകൃഷ്ണന് തച്ചങ്ങാട് എന്നിവരും സംബന്ധിച്ചു.