സംസ്ഥാനപാത നവീകരണം വീണ്ടും അനിശ്ചിതത്വത്തിൽ
1453776
Tuesday, September 17, 2024 1:51 AM IST
രാജപുരം: പൂടംകല്ല് മുതൽ പാണത്തൂർ ചിറങ്കടവ് വരെയുള്ള സംസ്ഥാനപാതയുടെ നവീകരണ പ്രവൃത്തികൾ നിർത്തിവയ്ക്കുന്നതായി കാണിച്ച് കരാറുകാരായ കുദ്രോളി കൺസ്ട്രക്ഷൻസ് കെആർഎഫ്ബി അധികൃതർക്ക് കത്ത് നല്‍കിയതോടെ കാലങ്ങളായി ഇഴഞ്ഞുനീങ്ങുന്ന സംസ്ഥാനപാത നവീകരണം വീണ്ടും അനിശ്ചിതത്വത്തിലായി.
കരാർ കാലാവധി ഡിസംബർ 31 വരെ നീട്ടിനല്‍കണമെന്നും കാലാവധി നീട്ടിനല്‍കുന്നത് നീളുന്ന സാഹചര്യത്തിൽ പുതിയ നിരക്ക് അനുവദിക്കണമെന്നുമാണ് കരാറുകാരുടെ ആവശ്യം. ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുന്നതുവരെ മുഴുവൻ പ്രവൃത്തികളും നിർത്തിവച്ചതായി കാണിച്ചുകൊണ്ട് ഇ. ചന്ദ്രശേഖരൻ എംഎൽഎയ്ക്കും കള്ളാർ, പനത്തടി പഞ്ചായത്ത് പ്രസിഡന്റുമാർക്കും ഇവർ കത്ത് നല്‍കിയിട്ടുണ്ട്.
2022 ഏപ്രിൽ 18 നാണ് കിഫ്ബി പദ്ധതിയുടെ ഭാഗമായി 59.94 കോടി രൂപ ചെലവിൽ സംസ്ഥാന പാതയിലെ പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള 17.2 കിലോമീറ്റർ ഭാഗം നവീകരിക്കാൻ കരാർ നല്‍കിയത്. 18 മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കണമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. പ്രവൃത്തികൾ വൈകിയതോടെ കാലാവധി ഈ വർഷം ഏപ്രിൽ 30 വരെ നീട്ടി നല്കി. എന്നാൽ ഈ കാലയളവിനുള്ളിലും കോളിച്ചാൽ 18-ാം മൈൽ വരെയുള്ള ഭാഗത്തെ ഒന്നാം ഘട്ട ടാറിടൽ മാത്രമാണ് പൂർത്തിയായത്.
പാതയോരത്തെ വൈദ്യുതിത്തൂണുകൾ മാറ്റി സ്ഥാപിക്കുന്നതും മരങ്ങൾ മുറിച്ചുനീക്കുന്നതും സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് സാധിക്കാതിരുന്നതും കാലാവസ്ഥാ പ്രശ്നങ്ങളുമാണ് പ്രവൃത്തി നീളാനുള്ള കാരണങ്ങളായി കുദ്രോളി കൺസ്ട്രക്ഷൻസ് പറയുന്നത്. നീട്ടിനല്‍കിയ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 30 ന് രണ്ടാഴ്ച മുമ്പുതന്നെ ഈ കാരണങ്ങൾ വിശദമാക്കി കെആർഎഫ്ബി അധികൃതർക്ക് കത്ത് നല്‍കിയിരുന്നതായി ഇവർ പറയുന്നു.
എന്നാൽ അഞ്ച് മാസം കഴിഞ്ഞിട്ടും ഈ കത്തിന് തീർപ്പ് കല്പിക്കാനോ കരാർ കാലാവധി നീട്ടി നല്‍കാനോ പൂർത്തിയായ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഏപ്രിലിൽ സമർപ്പിച്ച ഭാഗികമായ ബിൽ തുക അനുവദിക്കാനോ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രവൃത്തികൾ നിർത്തിവയ്ക്കുന്നതെന്നാണ് ഇവരുടെ വിശദീകരണം.
നവീകരണ കാലാവധി നീട്ടിനല്കാൻ ഇനിയും വൈകിയാൽ ഡിസംബറിലും പ്രവൃത്തി പൂർത്തിയാകില്ലെന്ന സാഹചര്യമാണെന്നും അതിന്റെ ഉത്തരവാദിത്വം അധികൃതർക്കു തന്നെയായിരിക്കുമെന്നും കരാറുകാർ പറയുന്നു.അതേസമയം കരാർ കാലാവധിക്ക് ശേഷം വീണ്ടും സമയം നീട്ടിനല്‍കിയിട്ടും പ്രവൃത്തി പൂർത്തിയാക്കാൻ കരാറുകാർക്ക് കഴിയാതിരുന്നതാണ് പ്രതിസന്ധിയിലേക്കു നയിച്ചതെന്നാണ് കെആർഎഫ്ബി അധികൃതർ പറയുന്നത്.
കരാറുകാരുടെ കത്ത് പ്രകാരം പ്രവൃത്തിയുടെ കാലാവധി വീണ്ടും നീട്ടിനല്‍കുന്ന കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തിലുള്ള സാങ്കേതിക പ്രശ്നങ്ങളാണ് കരാറുകാർക്ക് ഭാഗികമായ ബിൽ തുക അനുവദിക്കുന്നതിന് തടസമെന്നും അവർ പറയുന്നു.
ജില്ലയിൽ അടുത്തിടെ ഇത് രണ്ടാംതവണയാണ് കെആർഎഫ്ബിക്കു കീഴിലുള്ള റോഡ് നവീകരണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങി പാതിവഴിയിൽ നിലയ്ക്കുന്നത്. നീലേശ്വരം-ഇടത്തോട് റോഡായിരുന്നു ആദ്യത്തേത്.
അവിടെ തർക്കത്തിനൊടുവിൽ വീണ്ടും കരാർ നീട്ടിനല്കാൻ നില്‍ക്കാതെ കരാറുകാരെ ഒഴിവാക്കുകയാണ് സർക്കാർ ചെയ്തത്.
അത് കഴിഞ്ഞ് ഒരു വർഷത്തിലേറെയായിട്ടും അവശേഷിക്കുന്ന പ്രവൃത്തികൾക്കായി പുതിയ ടെൻഡർ വിളിച്ച് കരാറുകാരെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങളൊന്നും ആയിട്ടില്ല. നാട്ടുകാരുടെ പ്രതിഷേധം കനത്തപ്പോൾ റോഡിലെ കുഴികൾ നികത്തുന്നതിനുള്ള പ്രവൃത്തികൾ മാത്രമാണ് നടന്നത്.
സംസ്ഥാനപാതയുടെ കാര്യത്തിലും ഇതേ സാഹചര്യമുണ്ടായാൽ പനത്തടി പഞ്ചായത്തിലെ ജനങ്ങളുടെ ദുരിതയാത്ര നീളുമെന്നുറപ്പാണ്.
സംസ്ഥാനപാതയുടെ പ്രവൃത്തി നടക്കാൻ ബാക്കിയുള്ള കോളിച്ചാൽ മുതൽ ചിറങ്കടവ് വരെയുള്ള ഭാഗം ഇപ്പോൾ തീർത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വിവിധ ബഹുജനസംഘടനകളും രാഷ്ട്രീയകക്ഷികളും ഇതിനെതിരായി സമരരംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ്.
ശക്തമായ സമരപരിപാടികൾ:
മലനാട് വികസനസമിതി
റോഡ് വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മലയോര പഞ്ചായത്തുകളോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് മലനാട് വികസന സമിതി ചെയർമാൻ സൂര്യനാരായണ ഭട്ട്. വരുന്ന 20 ന് ബളാംതോട് വച്ച് രാഷ്ട്രീയകക്ഷി ഭേദമില്ലാതെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളെ വിളിച്ചുചേർത്ത് ജനകീയ കൺവൻഷൻ നടത്തും. സംസ്ഥാനപാത നവീകരണത്തിലെ അനാസ്ഥയ്ക്കും ആരോഗ്യ മേഖലയിൽ കാസർഗോഡ് ജില്ലയോടും മലയോര ജനതയോടും കാണിക്കുന്ന അവഗണനയ്ക്കുമെതിരെ മലനാട് വികസന സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഏകദിന ഉപവാസ സമരം നടത്തും.
എംഎൽഎയും സർക്കാരും
ഇടപെടണം: കെ.ജെ. ജയിംസ്
പൂടംകല്ല് - ചിറങ്കടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഇ. ചന്ദ്രശേഖരൻ എംഎൽഎയും സർക്കാരും ആലസ്യം അവസാനിപ്പിച്ച് അടിയന്തിരമായ ഇടപെടൽ നടത്തണമെന്ന് പനത്തടി പഞ്ചായത്ത് അംഗവും മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ കെ.ജെ. ജയിംസ് ആവശ്യപ്പെട്ടു.
കരാറുകാർക്ക് കൊടുക്കാനുള്ള തുക കൊടുത്തുതീർത്ത് എത്രയും പെട്ടെന്ന് പ്രവൃത്തികൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണം. പ്രവൃത്തികൾ ഇനിയും ഇഴഞ്ഞു നീങ്ങുന്ന സാഹചര്യം ഉദ്യോഗസ്ഥരും കരാറുകാരും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.