വടക്കന്‍ ജില്ലകളിലെ പ്രശ്നങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാറില്ല: എച്ച്. ദിനേശന്
1451816
Monday, September 9, 2024 1:10 AM IST
അമ്പലത്തറ: വടക്കന്‍ ജില്ലകളിലെ പ്രശ്നങ്ങള്‍ക്ക് മറ്റുള്ളവര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കാറില്ലെന്നും വകുപ്പ് മാറ്റത്തിന്റെ സമയത്ത് സാമൂഹ്യനീതി വകുപ്പ് താന്‍ ചോദിച്ചുവാങ്ങുകയായിരുന്നുവെന്നും അതിനുകാരണം എന്റെ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമത്തിനു സാധ്യമായ എല്ലാ സഹായവും ചെയ്തുകൊടുക്കുക എന്ന ആഗ്രഹമാണെന്നും സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശന്. അമ്പലത്തറ സ്നേഹവീടിന്റെ പത്താംവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അഭിന്നം സംസ്ഥാന ഭിന്നശേഷി കലാമേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്നു സര്‍ക്കാര്‍ മേഖലയിലെ സ്പെഷല്‍ സ്കൂളുകള്‍ എല്ലാവിധ സൗകര്യങ്ങളോടുകൂടിയ മോഡല്‍ സ്കൂളുകളായി ഉയര്‍ത്തപ്പെട്ടു. നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ ഒരു കുട്ടിയില്‍ ഓട്ടിസം ലക്ഷണങ്ങളുണ്ടെന്ന പഠനറിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഈ കണക്ക് ഏറെ ഞെട്ടിക്കുന്നതാണ്.
ചെറുപ്പത്തിലേ ഇതു തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ അതിന്റെ അളവ് കുറച്ചുകൊണ്ടുവരാന്‍ സാധിക്കും. അവിടെയാണ് സ്നേഹവീട് പോലുള്ള സ്ഥാപനങ്ങള്‍ പ്രസക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.എഴുത്തുകാരനും സംവിധായകനും നടനുമായ മധുപാല്‍ മുഖ്യാതിഥിയായിരുന്നു. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിതം പലതവണ നേരിട്ടുകണ്ടിട്ടുണ്ടെന്നും സ്നേഹവീട് പോലുള്ള സ്ഥാപനങ്ങള്‍ ദുരിതബാധിതരേക്കാള്‍ അവരുടെ അമ്മമാര്‍ക്കാണ് ആശ്വാസമേകുന്നതെന്നും മനുഷ്യമനസുകളിലെ നന്മയുടെ നീരുറവ ഇനിയും വറ്റിതീര്ന്നിട്ടില്ല എന്നതിന്റെ നേര്‍ക്കാഴ്ചയാണ് സ്നേഹവീടിന്റെ വളര്‍ച്ചയിലൂടെ കാണുന്നതെന്നും മധുപാല്‍ പറഞ്ഞു.
അമ്പലത്തറ ജിവിഎച്ച്എസ്എസില്‍ നടന്ന പരിപാടിയില്‍ സംഘാടകസമിതി ചെയര്മാന് അംബികാസുതന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. മദര്‍ തെരേസ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ജേതാവ് മണികണ്ഠന് മേലത്ത്, സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി. വിജയകുമാര്‍ എന്നിവരെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്, പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്, വാര്‍ഡ് മെംബര്‍ സി.കെ. സബിത എന്നിവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന് സ്വാഗതവും വൈസ് ചെയര്മാന് രാജേഷ് സ്കറിയ നന്ദിയും പറഞ്ഞു. 12 സ്പെഷല്‍ സ്കൂളുകളില്‍ നിന്നായി 200ഓളം കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.