കള്ളാര്‍ ടൗണില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചു
1451687
Sunday, September 8, 2024 6:58 AM IST
കള്ളാർ: സ്ഥിരമായി അപകടങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കള്ളാര്‍ ടൗണില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചു. രാജപുരം എസ്ഐ എം.കെ. കരുണാകരന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്, ബൂണ്‍ പബ്ലിക് സ്കൂള്‍ ജൂണിയര്‍ റെഡ്ക്രോസ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി കള്ളാര്‍ യൂണിറ്റ് അംഗങ്ങള്‍, ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍, നാട്ടുകാര്‍ എന്നിവർ സംബന്ധിച്ചു.
നാല്ക്കവലയായ കള്ളാര്‍ ടൗണില്‍ റോഡ് നന്നായതോടെ അമിതവേഗതയിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ടൗണില്‍ അപകടങ്ങളും കൂടി. വാഹനങ്ങളുടെ വേഗത കുറയ്ക്കാന്‍ ആവശ്യമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
ടൗണില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍. വ്യാപാരി വ്യവസായി ഏകോപന സമിതി കള്ളാര്‍ യൂണിറ്റ്, മാക്സ് ഫിറ്റ് കള്ളാര്‍, ഹോട്ടല്‍ പാരഡൈസ്, പൗരാവലി കള്ളാര്‍, പിക്ക് അപ്പ് ഡ്രൈവേഴ്സ് കള്ളാര്‍ എന്നിങ്ങനെ നാട്ടുകാരും സംഘടനകളും സ്ഥാപനങ്ങളും സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കാനായി സ്പോണ്സര് ചെയ്തു.