തീരദേശ ഹൈവേ: ഉദ്യോഗസ്ഥരും കിഫ്ബി സ്പെഷൽ തഹസിൽദാറും വലിയപറമ്പിലെത്തി
1444712
Wednesday, August 14, 2024 1:42 AM IST
തൃക്കരിപ്പൂർ: നിർദിഷ്ട തീരദേശ ഹൈവേയുടെ വലിയപറമ്പിലൂടെയുള്ള അലൈൻമെന്റ് അന്തിമമാക്കുന്നതിന്റെ ഭാഗമായി ഐഡക് കൺസൾട്ടൻസി ഉദ്യോഗസ്ഥരും കിഫ്ബി സ്പെഷൽ തഹസിൽദാറും ഉൾപ്പെടെ അഞ്ചാം വാർഡിൽ സ്ഥലപരിശോധന നടത്തി.
പാത കടലോരത്ത് കൂടി വന്നാൽ മത്സ്യതൊഴിലാളികളുടേതുൾപ്പെടെ 40ൽ പരം വീടുകളും മൂന്ന് ആരാധനാലയങ്ങളും സംരക്ഷിക്കാനാകുമെന്ന നിർദേശം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വലിയപറമ്പ് പഞ്ചായത്തിന്റെ തെക്കൻ അതിരിലുള്ള നാലാം വാർഡിൽ നിന്നും അഞ്ചാം വാർഡിന്റെ കടലോരത്ത് കൂടി നിർദിഷ്ട തീരദേശ ഹൈവേ അലൈൻമെന്റ് തയാറാക്കുന്നതിന്റെ ഭാഗമായാണ് ഐഡക്ക് കൺസൾട്ടൻസി
പ്രൊജക്ട് മാനേജർ ആന്ധ്രപ്രദേശിൽ നിന്നുള്ള ഒബ്ലു റെഡ്ഡിയുടെയും കിഫ്ബി സ്പെഷൽ തഹസിൽദാർ പി.സി.അമ്പിളിയുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥല പരിശോധന നടത്തിയത്. അഞ്ചാം വാർഡിലെ തൃക്കരിപ്പൂർ കടപ്പുറം, കന്നുവീട് കടപ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ പാത കടന്നു പോകുന്ന വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും പരിസരങ്ങളും സംഘം സംയുക്തമായി പരിശോധിച്ചു.
റോഡ് ഫണ്ട് ബോർഡ് അസി.എക്സിക്യുട്ടീവ് എൻജിനിയർ കെ.ജയദീപ്, പ്രൊജക്ട് എൻജിനിയർ ആർ.എസ്.ആര്യരാജ്, കിഫ്ബി സർവേയർ എം.കെ.ചന്ദ്രൻ, ജൂണിയർ സൂപ്രണ്ടുമാരായ ടി.എസ്.അനിൽ കുമാർ, കെ.അബ്ദുൾ റഷീദ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥസംഘമാണ് സ്ഥല പരിശോധനക്കെത്തിയത്.
വാർഡ് മെംബർ സി.ദേവരാജൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി.ഗംഗാധരൻ, കെ.പി.ബാലൻ, വി.ഹരിദാസ്, കെ.പി.സതീശൻ ഉൾപ്പെടെയുള്ളവർ പരിശോധനസംഘത്തോടൊപ്പമുണ്ടായിരുന്നു.