പാണത്തൂർ: രൂക്ഷമായ കാട്ടാന ആക്രമണം ജനങ്ങളുടെ ജീവനു പോലും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കർഷക സംഘം പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണത്തൂർ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി.
കാർഷിക വിളകൾ നഷ്ടപ്പെട്ട കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, നഷ്ടപരിഹാര തുക വർധിപ്പിക്കുക, ആനയും കാട്ടുപന്നിയും കുരങ്ങുമടക്കമുള്ള വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് ശാശ്വതമായി തടയുക, കല്ലപ്പള്ളി കേന്ദ്രീകരിച്ച് വനസംരക്ഷണ സമിതി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
ജില്ലാ സെക്രട്ടറി പി.ജനാർദനൻ ഉദ്ഘാടനം ചെയ്തു. യു.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.വി.കൃഷ്ണൻ, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്തംഗം അരുൺ രംഗത്തുമല, ടി.കോരൻ, പി.തമ്പാൻ, ബിനു വർഗീസ്, പി.അപ്പകുഞ്ഞി, പി.ഗംഗാധരൻ, പി.രഘുനാഥ്, അജിൽ മാത്യു, പി.കെ.സൗമ്യമോൾ, കെ.മാധവൻ നായർ, ടി.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.