വെളിവായത് സിപിഎം-ബിജെപി പരസ്പര സഹകരണം: ഹക്കീം കുന്നില്‍
1263555
Tuesday, January 31, 2023 12:37 AM IST
കാസര്‍ഗോഡ്: സിപിഐ സംസ്ഥാന അസി.സെക്രട്ടറി ഇ ചന്ദ്രശേഖരന് എംഎല്‍എയെ ആക്രമിച്ച കേസിലെ 12 ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരെ വിട്ടയക്കുന്നതിനായി സിപിഎം ജില്ല കമ്മിറ്റിയംഗം ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ കൂറുമാറിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി അംഗം ഹക്കീം കുന്നില്‍. ആക്രമണം നേരിട്ടപ്പോള്‍ തുറന്ന ജീപ്പില്‍ കൂടെയുണ്ടായിരുന്ന സിപിഎം നേതാവ് ആറു പ്രതികളെ തിരിച്ചറിഞ്ഞതായി മൊഴി നല്‍കിയതിന് ശേഷം കൂറു മാറിയതിന് കുറിച്ച് സിപിഎം നേതൃത്വം പാലിക്കുന്ന മൗനം ഗൗരവമുള്ളതാണ്. 2016ല്‍ ഇ.ചന്ദ്രശേഖരന് മന്ത്രിയായി ചുമതലയേല്‍ക്കുന്നത് ഇടത് കൈക്ക് പരിക്കുമായിട്ടാണ്.
2022 നവംബറില്‍ നടന്ന വിചാരണയില്‍ സിപിഎം ജില്ല കമ്മിറ്റി അംഗവും ലോക്കല്‍ സെക്രട്ടറിയും പ്രതികളെ തിരിച്ചറിഞ്ഞതായി നല്കിയ മൊഴി മാറ്റിയത് ബിജെപി- ആര്.എസ്.എസ് നേതൃത്വവുമായുള്ള ധാരണയ്ക്ക് ശേഷമാണ്. പൊതുസമൂഹത്തിന് മുമ്പില്‍ ബിജെപിക്ക് നേരെ വാതോരാതെ നടത്തുന്ന പ്രസംഗം ആത്മാര്‍ത്ഥയില്ലാത്തതാണ്. സ്വന്തം മുന്നണിയിലെ സംസ്ഥാന നേതാവിനെതിരെ നടന്ന അക്രമത്തെ ഒറ്റക്കെട്ടായി നേരിടുന്നതിന് പകരം ബിജെപിയെ സഹായിക്കുന്ന സമീപനം കാലങ്ങളായി ജില്ലയില്‍ നടത്തുന്ന പരസ്പര സഹകരണത്തിന്റെ കാര്യങ്ങളില്‍ ഒന്നു മാത്രമാണെന്നു കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.