മതാധ്യാപകർ സഭയുടെ സമ്പത്ത്: ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി
1453579
Sunday, September 15, 2024 6:18 AM IST
ചെമ്പേരി: സമാനതകളില്ലാത്ത ശുശ്രൂഷയാണ് മതാധ്യാപക ശുശ്രൂഷയെന്നും മതാധ്യാപകർ സഭയുടെ സമ്പത്താണെന്നും തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്ന വിശ്വാസപരിശീലകരുടെ മേഖലാ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന്റ എല്ലാ മേഖലകളിലും വിശ്വാസം ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ വിശ്വാസത്തിനു സാക്ഷ്യം വഹിക്കേണ്ടവരും വരുംതലമുറയ്ക്ക് സത്യവിശ്വാസം പകർന്നു നൽകേണ്ടവരുമാണ് വിശ്വാസ പരിശീലകരെന്നും ക്രിസ്തുവിനെ അനുഭവിച്ചവർക്കു മാത്രമേ ഈ സത്യവിശ്വാസം പറഞ്ഞു കൊടുക്കുവാൻ കഴിയുകയുള്ളൂവെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
കർത്താവിനോടൊപ്പം നടക്കുകയും പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നവരാകണം വിശ്വാസപരിശീലകരെന്നും കർത്താവിനൊപ്പം ജീവിക്കുന്ന വിശ്വാസ പരിശീലകരുടെ മുഖം എപ്പോഴും തെളിച്ചമുള്ളതും പുഞ്ചിരിക്കുന്നതും ശാന്തതയുള്ളതുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുംതലമുറയെ വിശ്വാസത്തിലൂടെ നയിക്കേണ്ടത് ഇന്നത്തെ വിശ്വാസപരിശീലകരാണെന്നും എല്ലാ വിശ്വാസപരിശീലകരേയും തലശേരി അതിരൂപത വലിയ ബഹുമാനത്തോടെയാണ് കാണുന്നതെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. ഡോ. അലക്സ് ജോർജ് കാവുകാട്ട് ക്ലാസ് നയിച്ചു.
ഉച്ചകഴിഞ്ഞ് നടന്ന പൊതുസമ്മേളനത്തിൽ വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. ചെമ്പേരി ലൂർദ്മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം, ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ഫാ. അമൽ ചെമ്പകശേരി, ജോയി കുരിശുകുന്നേൽ, ജോസഫ് പുല്ലാട്ട്, ലൈസൺ മാവുങ്കൽ, ജോസ് നെട്ടനാനിയ്ക്കൽ, ഷീൻ വേലിയ്ക്കകത്ത്, സിസ്റ്റർ ഡോ. ജോണറ്റ് മരിയ എംഎസ്എംഐ, സിസ്റ്റർ റോസിലിയ എൻഎസ്, ഡീക്കൻ സെബാസ്റ്റ്യൻ പറമ്പുമുറി, ബ്രദർ നിഖിൽ ആലപ്പാട്ട്, മിനി സിറിൽ അറയ്ക്കൽ, അനഘ കട്ടക്കയം എന്നിവർ പ്രസംഗിച്ചു.
നാൽപ്പതിലേറെ വർഷങ്ങൾ വിശ്വാസപരിശീലന ശുശ്രൂഷ നിർവഹിച്ച അധ്യാപകരെയും പത്തു വർഷത്തിലധികമായി മുടങ്ങാതെ എല്ലാ ഞായറാഴ്ചയും വിശ്വാസപരിശീലന ദൗത്യത്തിലേർപ്പെട്ട അധ്യാപകരെയും അധ്യാപക ദമ്പതികളെയും സമർപ്പിതരുടെ മാതാപിതാക്കളെയും അഞ്ചിൽ കൂടുതൽ മക്കളുള്ള വിശ്വാസപരിശീലകരെയും അവാർഡ് ജേതാക്കളെയും ചടങ്ങിൽ ആദരിച്ചു. ചെമ്പേരി, പൈസക്കരി സൺഡേ സ്കൂളുകളിലെ വിദ്യാർഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
വിശ്വാസപരിശീലന കേന്ദ്രം ഡയറക്ടർ റവ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് വടക്കേപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ചെമ്പേരി, ചെമ്പന്തൊട്ടി, പൈസക്കരി, വായാട്ടുപറമ്പ് എന്നീ ഫൊറോനകളിലെ 40 ഇടവകകളിൽ നിന്നുള്ള 600 ഓളം വിശ്വാസപരിശീലകർ സംഗമത്തിൽ പങ്കെടുത്തു.