സ്ഥലം കൊടുക്കുന്നവർക്ക് തുച്ഛമായ നഷ്ടപരിഹാരം
1574997
Saturday, July 12, 2025 2:31 AM IST
ഇരിട്ടി: വയനാട്-കരിന്തളം 400 കെവി ലൈനിന്റെ നഷ്ടപരിഹാര തുകയും ഭൂമി നഷ്ടപ്പെടുന്നവരുടെ യഥാർഥനഷ്ടവും കണക്കാക്കുമ്പോൾ മറ്റൊരു കുടിയിറക്കിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ലൈൻ കടന്നുപോകുന്നതിൽ ഏറ്റവുമധികം നഷ്ടം നേരിടുന്ന പഞ്ചായത്തുകളിലൊന്നായ അയ്യൻകുന്നിൽ നൂറു കണക്കിന് കർഷകരുടെ കൃഷിഭൂമിയും വീടുകളുമാണ് നഷ്ടപ്പെടുന്നത്. നഷ്ടപരിഹാരം സംബന്ധിച്ചുള്ള കണക്കെടുപ്പിന്റെ ഭാഗമായി നടത്തിയ സർവേയിലാണ് നഷ്ടത്തിന്റെ യഥാർഥ കണക്കുകൾ വെളിയിൽ വരുന്നത്.
ഉഷയുടെ വീടും സ്ഥലവും
ലൈനിന് അടിയിൽ
അയ്യൻകുന്ന് പഞ്ചായത്തിലെ കമ്പിനിനിരത്തെ പുല്ലോപടത്തിൽ ഉഷയുടെ ഒരു ആയുസിന്റെ സമ്പാദ്യമായ വീടും സ്ഥലവും ലൈനിന് അടിയിൽ വരുമ്പോൾ കെഎസ്ഇബി നിശ്ചയിച്ച വില രണ്ടര ലക്ഷം രൂപയാണ്.
30 വർഷത്തിൽ അധികമായി ഇവിടെ താമസിച്ചു വന്നിരുന്ന ഇവർ അഞ്ചുവർഷം മുന്പാണ് ലോൺ എടുത്ത് വീട് നിർമിച്ചത്. പട്ടാളക്കാരനായ മകന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഉഷയും മകന്റെ ഭാര്യയും രണ്ട് കൊച്ചു കുട്ടികളുമുള്ള കുടുംബം എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്.
ലോണും മറ്റ് ചികിത്സാ ചെലവുകളുമായി രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഇരുട്ടടിയാണ് 400 കെവി ലൈൻ. കെഎസ്ഇബിയുടെ പ്ലാനിൽ ഇങ്ങനെയൊരു വീട് അടയാളപ്പെടുത്തിയിട്ടില്ല. ലോൺ അടവ് മുടങ്ങിയതോടെ ജപ്തി നടപടികളുമായി എത്തിയ ബാങ്ക് അധികൃതരിൽ നിന്ന് അവധി നീട്ടിവാങ്ങിയാണ് കുടുംബം ജീവിതം തള്ളിനീക്കുന്നത്.
വീടും സ്ഥലവും വിറ്റ് കടം തീർക്കാനായി നടത്തിയ ശ്രമവും കെഎസ്ഇ ബിയുടെ ചതിയിൽ മാറിപ്പോയി. 18 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചിരുന്ന വീടാണ് ലൈൻ വരുന്ന വിവരം അറിഞ്ഞതോടെ അവസാന നിമിഷം ഇടപാടുകാർ ഒഴിവായി പോയത്.
വീടുകൾക്ക് മുകളിലൂടെ ലൈൻ കടന്നുപോയാൽ കുഴപ്പമില്ലെന്ന് കെഎസ്ഇബി അധികൃതർ പറയുമ്പോഴും ആകെയുള്ള സമ്പാദ്യമായ വീടിനും സ്ഥലത്തിനും വില ലഭിക്കാതെ കുടുംബം നിസഹായരായി നിൽക്കുകയാണ്.
വീടിന് രണ്ടുലക്ഷം രൂപ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാലരലക്ഷം രൂപക്ക് ലോൺ പോലും അടച്ചുതീർക്കാൻ കഴിയില്ലെന്ന് ഉഷയുടെ മരുമകൾ പ്രീഷ്ണ പറയുന്നു. മാത്രമല്ല, കെഎസ്ഇബിയുടെ അലൈൻമെന്റ് ലിസ്റ്റിൽ വീട് അടയാളപ്പെടുത്താത്തതും മറ്റൊരു പ്രശനമായി അവശേഷിക്കുന്നു .
നെടുമ്പുറത്ത് ഏലിക്കുട്ടിക്ക് നഷ്ടം വീടും മൂന്നരയേക്കറും
അയ്യൻകുന്ന് പഞ്ചായത്തിലെ നെടുമ്പുറത്ത് ഏലിക്കുട്ടിയുടെ പഴയ തറവാട് വീടിന്റെ പകുതി ഭാഗത്തിന് മുകളിലൂടെയാണ് ലൈൻ കടന്നുപോകുന്നത്. കൂടാതെ മക്കളുടെ പേരിൽ ഉൾപ്പെടെ വരുന്ന മൂന്നരയേക്കർ കൃഷി സ്ഥലവും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ഒന്നരക്കോടിയിൽ അധികം വിലവരുന്ന സ്ഥലത്തിന് സർക്കാർ നഷ്ടപരിഹാര കണക്കനുസരിച്ച് ലഭിക്കുന്നത് 65 ലക്ഷം രൂപ മാത്രമാണ്.
പൂർണമായും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തിന് നഷ്ടപ്പെടുന്നത് വരുമാന മാർഗങ്ങൾ ആയിരുന്ന 350 റബറും 40 ഓളം തെങ്ങും 50 ൽ അധികം കശുമാവുമാണ്.
ഭൂമിക്ക് ന്യായമായ വില നൽകിയാൽ വിട്ടുനൽകാൻ കർഷകർ തയാറാണെങ്കിലും നഷ്ടം കണക്കാക്കുന്നതിൽ കെഎസ്ഇബിയും സർക്കാരും ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് വീട്ടുകാർ പറയുന്നത്.
വീടും സ്ഥലവും നഷ്ടമാകുന്ന കമ്പിനിനിരത്തെ പുല്ലോപടത്തിൽ ഉഷ, നെടുമ്പുറത്ത് ഏലിക്കുട്ടി തുടങ്ങി കർഷകരുടെ വീടുകൾ പഞ്ചായത്ത പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സിന്ധു ബെന്നി, പഞ്ചായത്തംഗങ്ങളായ ലിസി തോമസ്, സജി മച്ചിത്താന്നി, കർമസമിതി കൺവീനർ ബെന്നി പുതിയാമ്പുറം, ജോർജ് മുടയരഞ്ഞി എന്നിവർ സന്ദർശിച്ചു.
ന്യായമായ വില ലഭിക്കും വരെ ഭൂമി വിട്ടുനൽകില്ല
കർഷകന്റെ കൃഷിഭൂമിക്കും വീടുകൾക്കും ഞങ്ങൾ ആവശ്യപ്പെടുന്നത് കർഷകന്റെ വിയർപ്പിന്റെ വിലയാണ്. അത് ലഭിക്കുന്നതുവരെ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ സമരമുഖത്ത് തന്നെ ഉണ്ടാവും. പല സ്ഥലങ്ങളിലും അലൈൻമെന്റ് ഉൾപ്പെടെ മാറ്റം വരുത്തിയാൽ കർഷകരുടെ നഷ്ടം പകുതിയായി കുറയും. ഇതിനൊന്നും വഴങ്ങാത്ത ബോർഡിന്റെ പിടിവാശിയാണ് പദ്ധതി വൈകാൻ കാരണം. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ അയ്യൻകുന്ന് പഞ്ചായത്തിലെ ഒരു സ്ഥലത്തും പ്രവൃത്തി നടത്താൻ അനുവദിക്കില്ല.
-കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ
(അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ്)