കൊട്ടിയൂർ വൈശാഖോത്സവം: കനത്ത സുരക്ഷ ഒരുക്കി പോലീസ്
1424549
Friday, May 24, 2024 1:28 AM IST
കൊട്ടിയൂർ: വൈശാഖോത്സവത്തോടനുബന്ധിച്ച് കൊട്ടിയൂരിൽ കനത്ത പോലീസ് സുരക്ഷ ഒരുക്കും. കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പേരാവൂർ ഡിവൈഎസ്പി ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിലാണ് കൊട്ടിയൂരിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ഒരുക്കുന്നത്. മന്ദംചേരി, ഇക്കരെ കൊട്ടിയൂർ എന്നിവിടങ്ങളിൽ പോലീസ് ക്യാമ്പുകൾ പ്രവർത്തിക്കും. ഉത്സവ നഗരിയിൽ കൂടുതൽ മഫ്തി പോലീസിനെയും നിയോഗിക്കുന്നുണ്ട്. സുരക്ഷാക്രമീകരണത്തിനായി സിസിടിവി കാമറകൾ സ്ഥാപിക്കും.
കൊട്ടിയൂർ വഴി മാനന്തവാടിയിലേക്കുള്ള ലോറി ഗതാഗതം നിരോധിച്ചു. ലോറികൾ നെടുംപൊയിൽ വഴി മാനന്തവാടിയിലേക്ക് പോകണം. പഞ്ചായത്തുമായി സഹകരിച്ച് യാചക നിരോധനം ഏർപ്പെടുത്തി. 30 സിസിടിവി കാമറ ആണ് ക്ഷേത്രത്തിലും പരിസരത്തുമായി സ്ഥാപിച്ചിരിക്കുന്നത്. മോഷണം തടയാൻ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സ്ക്വാഡിനെയും മഫ്തിയിലുള്ള പോലീസ് സേനയെയും നിയോഗിച്ചു. ഇപ്രാവശ്യം കോഴിക്കോട് റൂറൽ, വയനാട്, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരെയും അധികമായി സുരക്ഷയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽ കണ്ണൂർ ജില്ലയിലുള്ള പോലീസുകാരെ മാത്രമായിരുന്നു ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. പേരാവൂർ ഡിവൈഎസ്പി ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിൽ കേളകം എസ്എച്ച്ഒ എസ്.പ്രവീൺകുമാർ, എസ്ഐ മിനിമോൾ എന്നിവർക്കാണ് സുരക്ഷാ ചുമതല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എഴുപതിലധികം പോലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. വൈശാഖമഹോത്സവം കാലത്ത് ഭക്തജനങ്ങൾക്ക് പോലീസിന്റെ സേവനം ലഭ്യമാകുന്നതിനായി പ്രത്യേക ഒപി യും തുറന്നിട്ടുണ്ട്. 9497935542 എന്ന നമ്പറിൽ ബന്ധപ്പെടാം.