ദേശീയപാത 766: കർണാടക നിലപാട് വഞ്ചനയെന്ന് ട്രാൻസ്പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മിറ്റി
1535631
Sunday, March 23, 2025 5:06 AM IST
കൽപ്പറ്റ: ദേശീയപാത 766ലെ ഗതാഗതം പൂർണമായി നിരോധിക്കാമെന്ന കർണാടക സർക്കാർ നിലപാട് കടുത്ത വഞ്ചനയാണെന്ന് ദേശീയപാത 766 ട്രാൻസ്പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മിറ്റി കണ്വീനർ സുരേഷ് താളൂർ, ചെയർമാൻ കെ.ജെ. ദേവസ്യ എന്നിവർ ആരോപിച്ചു.
ദേശീയപാതയിൽ ബന്ദിപ്പുര വനമേഖലയിൽ 16 വർഷമായി തുടരുന്ന രാത്രിയാത്രാനിരോധനം നീക്കം ചെയ്യണമെന്ന ആവശ്യം കേരളം ശക്തമായി ഉന്നയിച്ചുവരികയാണ്. ഇതിനിടെയാണ് ദേശീയപാത അടച്ചിടാമെന്ന് ബന്ദിപ്പുര ടൈഗർ റിസർവ് ഡയറക്ടർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
ദേശീയപാത 766ന് ബദൽ ഇല്ല എന്ന നിലപാട് കേരള നിയമസഭ പ്രമേയം മുഖേന പാസാക്കുകയും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യുകയുമുണ്ടായി.
രാത്രിയാത്ര നിരോധനക്കേസ് സൂപ്രീം കോടതിയിൽ നടന്നുവരുന്നതിനിടെയാണ് ദേശീയപാതയ്ക്കെതിരായ നിലപാട് ബന്ദിപ്പുര കടുവാസങ്കേതം ഡയറക്ടർ സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചത്. ദേശീയപാതയിൽ പകൽ ബസുകളിലും മറ്റും യാത്രക്കാർ വളരെ കുറവാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. യാത്രക്കാർക്ക് കുട്ടഗോണിക്കുപ്പ സ്റ്റേറ്റ് ഹൈവേ 88 ഉപയോഗിക്കാമെന്നും സത്യവാങ്മൂലത്തിലുണ്ട്.
കഴിഞ്ഞ ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ വയനാട്ടിൽ കോണ്ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച പ്രിയങ്ക ഗാന്ധി, താൻ എംപിയായാൽ ദേശീയപാത വിഷയത്തിൽ കർണാടക സർക്കാരുമായി ചർച്ച നടത്തുന്നതിന് മുൻകൈയെടുക്കുമെന്ന് പ്രസ്താവിച്ചിരുന്നു. ഇന്ന് പ്രിയങ്ക വയനാടിന്റെ എംപിയാണ്.
കർണാടക നിലപാടിൽ അവർ അഭിപ്രായം വ്യക്തമാക്കണം. വിഷയത്തിൽ ജില്ലാ കോണ്ഗ്രസ് നേതൃത്വം പ്രതികരിക്കണം. ദേശീയപാത 766ന് ബദൽപാതയില്ല എന്ന പഴയ നിലപാട് ഉൾപ്പെടുത്തി പുതിയ സത്യവാങ്മൂലം നൽകാൻ കേരള സർക്കാർ തയാറാകണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.