തദ്ദേശീയ ജനതയുടെ ചരിത്രം: പ്രബന്ധവുമായി കെ.ആർ. രമിത്
1338588
Wednesday, September 27, 2023 12:59 AM IST
കൽപ്പറ്റ: വയനാട്ടിലെ തദ്ദേശീയ ജനതയുടെ ചരിത്രവുമായി ബന്ധപ്പെട്ട പ്രബന്ധവുമായി ഡോക്യുമെന്ററി സംവിധായകനും ഫോട്ടോഗ്രാഫറുമായ കെ.ആർ. രമിത്.
പട്ടികവർഗത്തിലെ മുള്ളുക്കുറുമ, അടിയ, കുറിച്യ വിഭാഗക്കാരുടെ പൂർവികർ എവിടെനിന്നു വന്നു എന്നതു സംബന്ധിച്ചാണ് രമിതിന്റെ പ്രബന്ധം. ഇത് അദ്ദേഹം കഴിഞ്ഞദിവസം സുഗന്ധഗിരിയിൽ പട്ടികജാതി-വർഗ വികസന മന്ത്രി കെ. രാധാകൃഷ്ണന് കൈമാറി.
ലോകത്തെ അതിപുരാതന ഗോത്രസമൂഹങ്ങളിൽനിന്ന് പിറവിയെടുത്തതാണ് വയനാട്ടിലെ മുള്ളുക്കുറുമർ, അടിയർ, കുറിച്യർ എന്നീ ജനസമൂഹങ്ങളെന്ന് പ്രബന്ധത്തിൽ പറയുന്നു. പല കാലഘട്ടങ്ങളിലായാണ് ഇവർ വയനാട്ടിലെത്തിയത്.
ഏറ്റവും പഴക്കംചെന്ന വയനാടൻ ജനതയായി കരുതപ്പെടുന്ന മുള്ളുക്കുറുമരുടെ പൂർവികർ രാജസ്ഥാനിൽനിന്നു വയനാട്ടിലെത്തിയവരാകാമെന്നു പ്രബന്ധത്തിൽ പറയുന്നു. ജലത്തിന് ദൗർലഭ്യമുണ്ടായിരുന്ന മരുപ്രദേശത്തുനിന്നു വന്നതിനാലാണ് മുള്ളുക്കുറുമർ പരന്പരാഗത ജല സ്രോതസുകളായ കേണികളെ ഇന്നും ആരാധനയോടെ പരിപാലിച്ച് വരുന്നത്.
അയോധ്യയുടെ പരിസരത്തുനിന്ന് വയനാട്ടിലെത്തിയ ജനതയിൽ രാമായണം ആഴത്തിൽ പതിഞ്ഞിരുന്നു. അതിന്റെ പ്രതിഫലനമാണ് ജില്ലയിലെ രാമായണവുമായി സ്ഥലനാമങ്ങളും ക്ഷേത്രങ്ങളും. മുള്ളുക്കുറുമരുടെ പാരന്പര്യ വിവാഹ ആഭരണങ്ങളിൽ രാജസ്ഥാന്റെ അടയാളങ്ങൾ വളരെ പ്രകടമാണെന്നും പ്രബന്ധത്തിൽ രമിത് ചൂണ്ടിക്കാട്ടുന്നു.
അടിയരുടെ പൂർവികർ ഒഡീഷയിലെ കോന്ത് ജനസമൂഹമാകാൻ സാധ്യത ഏറെയാണെന്നു പ്രബന്ധത്തിൽ വിശദീകരിക്കുന്നു. ഒഡിയ ഭാഷ സംസാരിക്കുന്നവർ എന്ന അർത്ഥത്തിലുള്ള ’ഒഡിയർ’ എന്ന വാക്ക് കാലാന്തരത്തിൽ അടിയർ എന്ന് മാറ്റപ്പെട്ടതാകാം.
വയലും കൃഷിയും വലിയ വീടുകളുമൊക്കെയുണ്ടായിരുന്ന സന്പന്ന ജനതയായിരുന്നു അവർ. മുൻ കാലങ്ങളിൽ വയനാട്ടിൽ അടിയ സ്ത്രീകൾ ഉപയോഗിച്ചിരുന്ന വെള്ളി ആഭരണങ്ങളും അവരുടെ കേശാലങ്കാരങ്ങളും ഇക്കാലത്തും ഒഡീഷയിലെ ഗോത്രസമൂഹങ്ങളിൽ നിലനിൽക്കുന്നുണ്ട്.
ഉത്തര ആഫ്രിക്കയിൽനിന്നു വന്നവരാകണം കുറിച്യരുടെ പൂർവികരെന്നു പ്രബന്ധത്തിൽ പറയുന്നു. നാലായിരം വർഷത്തോളം പാരന്പര്യവും ചരിത്രവുമുള്ള അമസിയ ഗോത്രവുമായി ഇവർ ബന്ധപ്പെട്ട് കിടക്കുന്നു.
സുരക്ഷയ്ക്ക് പ്രാധാന്യം നൽകി മലമുകളിൽ കോട്ട കെട്ടിയതുപോലെ വീടുകളുണ്ടാക്കുകയും മലഞ്ചെരിവിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഉപയോഗപ്പെടുത്തി താഴ്വാരത്ത് കൃഷി നടത്തുകയും ചെയ്യുന്നവരാണ് അമസിയ ജനത. സമാനമായ ജീവിതരീതികളുള്ളവരാണ് വയനാട്ടിലെ കുറിച്യർ.
ഈ രണ്ട് വിഭാഗങ്ങളും മരുമക്കത്തായമാണ് പിന്തുടരുന്നത്. കുറിച്യരുടെ വിവാഹ ആഭരണങ്ങളും വിരൽ ചൂണ്ടുന്നത് ഇതേ ദിശയിലേക്കാണ്. ഈ ഗോത്രസമൂഹങ്ങളുടെ പൂർവികർ തങ്ങളുടെ ഭൂതകാലം വരുംതലമുറകൾ മനസിലാക്കണം എന്ന് ആഗ്രഹിച്ചിരുന്നു.
അതുകൊണ്ടാണ് അവർ പൂർവികദേശത്തിന്റെ അടയാളങ്ങൾ സംസ്കാരത്തിൽ അവശേഷിപ്പിച്ചതെന്നു പ്രബന്ധത്തിൽ പറയുന്നു.