നാലുവര്‍ഷമായിട്ടും കരിങ്കൽ ഭിത്തി നിർമിച്ചില്ല : പുഴയോരം ഇടിഞ്ഞ് കൃഷിയിടങ്ങള്‍ നശിക്കുന്നു; കര്‍ഷക കണ്ണീര് കാണാതെ അധികൃതര്‍
1572469
Thursday, July 3, 2025 4:43 AM IST
ജോൺസൺ പൂകമല
കൂരാച്ചുണ്ട്: ശക്തമായ മഴയെ തുടർന്നുണ്ടാകുന്ന പ്രളയങ്ങളിലും മറ്റും പുഴയോരം ഇടിയുന്നതിനെ തുടർന്ന് കൃഷിയിടങ്ങൾ തകരുന്ന കൂരാച്ചുണ്ട് ഓഞ്ഞിൽ പുഴയോരത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ കടലാസില്‍. കരിങ്കൽ ഭിത്തി നിർമിച്ച് സംരക്ഷിക്കാനായി ചെറുകിട ജലസേചന വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിട്ട് നാലുവര്‍ഷമായിട്ടും ഒന്നും നടപ്പിലായില്ല.
പുഴയുടെ മൂന്നാംമുക്ക് മുതൽ മുളവട്ടംകടവ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലുള്ള പുഴയോരം ഭാഗം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കുന്നതിനായി ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ 2021 സെപ്റ്റംബറിൽ സ്ഥലത്തെത്തി എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിന് നൽകിയിരുന്നു. പ്രാഥമിക ഘട്ടത്തിൽ ഒരു കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കി നൽകിയിട്ടുള്ളത്. എന്നാൽ തുടർനടപടികളൊന്നുമുണ്ടായില്ല.
പ്രളയത്തത്തുടർന്ന് കാലങ്ങളായി പുഴയോരം ഇടിഞ്ഞ് ഏക്കറുകളോളം കൃഷിയിടങ്ങളാണ് നശിച്ചത്. മാത്രമല്ല പുഴ കരകവിഞ്ഞത് തീരങ്ങളില്‍ താമസിക്കുന്നവരുടെ വീടുകൾക്കും ഭീഷണിയാണ്. ഇതേ തുടർന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉദ്യേഗസ്ഥർ എസ്റ്റിമേറ്റ് സമർപ്പിച്ചത്. എന്നാൽ സർക്കാർ തലത്തിൽ ഒരു നടപടിയുമാകാത്തത് കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഈ പ്രദേശങ്ങളിലെ ഒട്ടനവധി കൃഷിയിടങ്ങളാണ് വർഷങ്ങളായി കാലവർഷത്തെ തുടർന്നുള്ള പ്രളയങ്ങളിൽ ഇടിഞ്ഞ് നശിച്ചു കൊണ്ടിരിക്കുന്നത്. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകൾ ഉൾപ്പെടുന്ന മൂന്നാംമുക്ക് , പുളിവയൽ, ഓഞ്ഞിൽ തുടങ്ങി ചെറുപുഴയോട് ചേർന്നു കിടക്കുന്ന കൃഷിയിടങ്ങളിലെ തെങ്ങ്, കമുക്, റബ്ബർ, കൊക്കോ തുടങ്ങിയ കാർഷിക വിളകൾക്കാണ് നാശം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചില ഭാഗങ്ങളിൽ പുഴ ഗതിമാറി ഒഴുകിയതും വൻതോതിൽ കൃഷിയിടങ്ങൾ തകർന്നടിയുന്നതിന് ഇടയാക്കുന്നു.
കൂടാതെ പുഴയൊഴുകുന്ന പതിമൂന്നാം വാർഡിലെ മുളവട്ടംകടവ് മുതൽ കരിമ്പനക്കുഴി താഴെ വരെയുള്ള ഭാഗങ്ങളിലും പുഴയോരം ഇടിഞ്ഞു കൃഷിയിടങ്ങൾ നശിച്ചിട്ടുണ്ട്. കൃഷിയിടങ്ങൾക്ക് സുരക്ഷിതത്വവും പുഴയോരം കെട്ടി സംരക്ഷിക്കുന്നതിനും ചെറുകിട ജലസേചന വകുപ്പ് സർക്കാരിന് സമർപ്പിച്ചിട്ടുള്ള എസ്റ്റിമേറ്റ് സംബന്ധിച്ചുള്ള തുടർനടപടികൾ സ്വീകരിച്ച് പദ്ധതി എത്രയും വേഗത്തിൽ നടപ്പാക്കാൻ നടപടികൾ വേണമെന്നാണ് പ്രദേശവാസികളായ കർഷക സമൂഹം ആവശ്യപ്പെടുന്നത്.
സംരക്ഷണ ഭിത്തി നിർമാണം ഫലം കണ്ടില്ല
തുടർച്ചയായി മഴക്കാലങ്ങളിലുണ്ടാകുന്ന പ്രളയങ്ങളിൽ വർഷങ്ങളായി ഇടിഞ്ഞു കൊണ്ടിരിക്കുന്ന ഓഞ്ഞിൽ പുഴയോരത്തെ കാർഷിക വിളകൾക്കും കൃഷിയിടങ്ങൾക്കും കനത്ത നഷ്ടങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്.
പുഴയോരത്ത് കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കാനായി സർക്കാർ കൈക്കൊണ്ട നടപടികളുടെ ഭാഗമായി നടത്തിയ കാര്യങ്ങൾ വർഷങ്ങൾ കഴിഞ്ഞും കടലാസിൽ ഒതുങ്ങിയതല്ലാതെ നാളിന്നേവരെ യാതൊരു ഫലവും കണ്ടിട്ടില്ല.
സത്വര നടപടികൾ വേണം
ഓഞ്ഞിൽ പുഴയോരങ്ങളിലായി ഒട്ടനവധി കർഷക കുടുംബങ്ങൾ കൃഷി ചെയ്ത് താമസിച്ചുവരുന്നുണ്ട്. ഓഞ്ഞിൽ, പുളിവയൽ, മൂന്നാം മുക്ക് മേഖലകളിലെ ഏക്കറുകളോളം കൃഷിയിടങ്ങളാണ് കഴിഞ്ഞ കാലങ്ങളിലായി വെള്ളപ്പൊക്കത്തെ തുടർന്നും മറ്റും നശിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനു ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പുഴയ്ക്ക് സംരക്ഷണഭിത്തി നിർമിക്കാനുള്ള പ്രാരംഭ നടപടികൾ ചെറുകിട ജലസേചന വകുപ്പ് ആരംഭിച്ചത്. എന്നാൽ നാലു വർഷം കഴിഞ്ഞും തുടർ നടപടിയില്ലാത്തത് കർഷകരെ സംബന്ധിച്ച് ഖേദകരമായ കാര്യമാണ്.