ഇടത് മെമ്പർമാരുടെ പ്രതിഷേധം പതിവ് നാടകം : പഞ്ചായത്ത് പ്രസിഡന്റ്
1535636
Sunday, March 23, 2025 5:23 AM IST
മുക്കം: കാരശേരി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് ഇടത് മെമ്പർമാർ ഇറങ്ങിപ്പോയത് പതിവ് രാഷ്ട്രീയ നാടകമാണന്ന് കാരശേരി പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര എന്നിവർ പറഞ്ഞു. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിന് പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും പണം ഉപയോഗിക്കാം എന്ന ഓർഡർ വന്നിട്ടുണ്ട് എന്നാൽ തനത് ഫണ്ട് ലാപ്സ് ആവില്ലന്നുള്ള ബാലപാഠം പോലും അറിയാത്തവരാണ് ഇടത് മെമ്പർമാർ.
ഗേറ്റും പടിയിലെ ബസ് സ്റ്റോപ്പ് നിർമാണത്തിനെതിരേ നടക്കുന്നത് തരംതാണ വിമർശനമാണ്. നേരത്തേ അവിടെ ഉണ്ടായിരുന്ന ബസ് സ്റ്റോപ്പ് ജീർണിച്ച് നശിച്ച അവസ്ഥയിലായപ്പോയാണ് ആ പ്രദേശവാസികളുടെ അഭ്യർത്ഥന മാനിച്ച് പുതിയ ബസ് സ്റ്റോപ്പ് നിർമിക്കാൻ തീരുമാനിച്ചത്.
ഇത് പദ്ധതി ഉണ്ടാക്കുബോൾ തന്നെ ആവശ്യമായ ചർച്ച ഭരണ സമിതി യോഗത്തിൽ നടത്തുകയും അംഗീകരിക്കുകയും ചെയ്തതിന് ശേഷം ഡിപിസിയുടെ അംഗീകാരം വാങ്ങി ടെൻണ്ടർ നടപടികൾ പൂർത്തികരിച്ച് ഭരണ സമിതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചതാണ്. ഈ സമയത്താണ് അനാവശ്യ വാദങ്ങൾ ഉന്നയിച്ച് വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ഇടത് മെമ്പർമാർ ശ്രമിക്കുന്നത്.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് വെന്റ് പൈപ്പ് പാലത്തിന്റെ റിംഗ് നീക്കം ചെയുന്ന ടെൻണ്ടർ നടപടിയിൽ മൂന്ന് പേര് പങ്കെടുത്തിരുന്നു. അസി. എൻജിനീയർ തയാറാക്കിയ എസ്റ്റിമേറ്റിൽ കൂടുതൽ കോട്ട് ചെയ്ത വിനോദ് പുത്രശേരിക്കാണ് ടെൻണ്ടർ ലഭിച്ചത്. അന്ന് എഗ്രിമെന്റ് വെക്കുകയും ആ സമയത്ത് കോവിഡ് കാലമായതിനാൽ നീക്കം ചെയ്യുന്നത് കാലതാമസം നേരിടുകയും ചെയ്തു. ഇതിനെതിരേ അന്നത്തെ ഭരണ സമിതി അദ്ദേഹത്തിന്റെ ടെൻണ്ടർ റദ്ദ് ചെയ്തു.
ഈ തീരുമാനത്തിനെതിരേ അദ്ദേഹം കോടതിയിൽ പോവുകയും ഈ വിഷയം 11/09/2024 ന് ചേർന്ന ഭരണ സമിതി യോഗത്തിൽ അജണ്ട മൂന്നായി ചർച്ച ചെയ്യുകയും നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുള്ളതുമാണ്. അതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിയുടെ റിപ്പോർട്ട് പ്രകാരം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം കൈക്കൊണ്ടിട്ടുള്ളതാണന്നും പ്രസിഡന്റും വൈസ് പ്രസിഡന്റും പറഞ്ഞു.