അഗസ്ത്യൻമുഴി കാപ്പുമല വളവിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു
1299103
Thursday, June 1, 2023 12:01 AM IST
മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അഗസ്ത്യൻമുഴിക്കും ഓമശേരിക്കുമിടയിൽ കാപ്പുമല വളവിലാണ് ഇന്നലെ വൈകുന്നേരം അഞ്ചേടെ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്.
മുക്കത്ത് നിന്നും കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ചാലിൽ ബസ് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
പരിക്കേറ്റ ഇരുപതോളം യാത്രക്കാരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ബസിന്റെ മുൻ ഭാഗത്തേയും പിൻ ഭാഗത്തേയും ചില്ല് തകർത്താണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
നാട്ടുകാരും പോലീസും ഫയർഫോഴ്സ് യൂണിറ്റും വിവിധ സന്നദ്ധ സേനകളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടം മൂലം സംസ്ഥാനപാതയിൽ ഏറെ നേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ബസിന്റെ ടയറുകൾ പലതും തേഞ്ഞ് തീർന്ന അവസ്ഥയിലാണ്.
കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ റോഡ് കാപ്പുമല വളവിലുൾപ്പെടെ പലയിടത്തും താഴ്ന്ന് പോയിരുന്നു. ഇത് വാഹനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.